നെയ്യാറ്റിൻകര: നഗരസഭാ പരിധിയിൽ 15 ദിവസത്തിനുള്ളിൽ എല്ലാ തെരുവ് വിളക്കുകളും തെളിയിക്കുമെന്നു ചെയർമാൻ പി.കെ.രാജ്മോഹൻ അറിയിച്ചു. മലയാള മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി അധികൃതരുമായി ചർച്ച നടത്തിയ ശേഷം വിവരം അറിയിച്ചു. നഗരസഭയിൽ നിലവിലെ ഭരണ സമിതിയുടെ തുടക്ക കാലത്താണു പഴയ ബൾബുകൾ മാറ്റി 7527 എൽഇഡി ബൾബുകൾ സ്ഥാപിച്ചത്. ഇതിൽ പകുതിയോളം കേടായി എന്നതു പ്രചാരണം മാത്രമാണ്. ഇരുന്നൂറ്റമ്പതോളം ബൾബുകൾ ആണു കേടായത്. ഇവ മാറ്റി സ്ഥാപിക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചു. ചർച്ചയിലൂടെ അതു പരിഹരിച്ചതായും ചെയർമാൻ വ്യക്തമാക്കി. പുതിയ ബൾബുകൾ ലഭ്യതക്കുറവാണു പ്രതിസന്ധി സൃഷ്ടിച്ചതെന്നു കെഎസ്ഇബിയും പ്രതികരിച്ചു.
