വിതുര: തോട്ടം, മലയോര, ആദിവാസി, ദലിത് മേഖലകളിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഉൾപ്പെടെ ആശ്രയ കേന്ദ്രമായ വിതുര താലൂക്ക് ആശുപത്രിയിൽ രാത്രി കാലങ്ങളിലെ ജീവനക്കാരുടെ കുറവു പ്രശ്നം സൃഷ്ടിക്കുന്നു. ഒരേ ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് ഉണ്ടാകുന്നത്. അതും പ്രവൃത്തി പരിചയം കുറഞ്ഞ ഡോക്ടർ ആയിരിക്കും. നഴ്സിങ് സ്റ്റാഫുകളായും ഒന്നോ രണ്ടോ പേരിൽ അധികം ഉണ്ടാകാറില്ല. ഡ്രസിങ് റൂമിലെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന ആള് തന്നെ പലപ്പോഴും ഒപി കൗണ്ടറിൽ ഡ്യൂട്ടി നോക്കേണ്ടി വരും. ചില ഘട്ടങ്ങളിൽ ഡോക്ടർക്കു നേരിട്ടു വന്നു ഡ്രസിങ് ചെയ്യേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്.
അപ്രതീക്ഷിതമായി എന്തെങ്കിലും സാഹചര്യം വന്നാൽ ഡ്യൂട്ടിയിലുള്ള ഡോക്ടർ ഉൾപ്പെടെയുള്ള മൂന്നോ നാലോ സ്റ്റാഫുകളെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇതിനിടെ വിതുര ആശുപത്രിയിലെ ഒരു ഡോക്ടറെ പ്രത്യേക താൽപര്യ പ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് ഡിഎംഒ മാറ്റിയതായി ആരോപണമുണ്ട്. ഡോക്ടർമാരുടെ എണ്ണത്തിൽ വളരെ ബുദ്ധിമുട്ടിലായ ആശുപത്രിയിൽ ഉള്ള ഡോക്ടറെ പോലും നിലനിർത്താതെ മാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. മരുന്നുകളുടെ ലഭ്യതയും ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നു. കുത്തിവയ്പ്പിനു ഉപയോഗിക്കുന്ന സർവ സാധാരണ മരുന്നുകൾ അടക്കം പുറത്തു നിന്നും പണം മുടക്കി വാങ്ങേണ്ട സ്ഥിതിയാണ്. അഞ്ച് പഞ്ചായത്തുകളുടെ ആശ്രയ കേന്ദ്രമായ ആശുപത്രി ആർക്കും ആശ്രയിക്കാൻ കഴിയാത്ത നിലയിലാണെന്ന് ആരോപണമുണ്ട്.
