കിഴുവിലം ഗ്രാമ പഞ്ചായത്ത് 2024-2025 ബഡ്ജറ്റ് പ്രസിഡന്റ് രജിത.ആറിന്റെ അധ്യക്ഷതയിൽ കൂടിയ ഭരണ സമിതിയിൽ വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചു.
കിഴുവിലം ഗ്രാമ പഞ്ചായത്തിലെ റോഡുകൾ ഉൾപ്പടെയുള്ള പശ്ചാത്തല സൗകര്യ വികസനത്തിനും കൃഷിയ്ക്കും പ്രത്യേക ഊന്നൽ നല്കുന്നതും 57,34,55,000/- രൂപ വരവും 56,84,63,000/- രൂപ ചെലവും 49,92,000/- മിച്ചവും ഉള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
കാർഷിക ഗ്രാമമായ കിഴുവിലത്തിന്റെ നെൽകൃഷി സംരക്ഷിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന കേദാരം സമഗ്ര നെൽകൃഷി വികസനം , തരിശു കൃഷി, എന്നിവയ്ക്ക് പുറമെ കര കൃഷിയിൽ ഇടവിള, പച്ചക്കറി കൃഷി, വാഴ കൃഷി എന്നിവയ്ക്ക് പ്രാമുഖ്യം നല്കുന്നു.
മൃഗസംരക്ഷണ – ക്ഷീര വികസന മേഖലയിൽ കോഴി വളർത്തൽ, ക്ഷീര ഗ്രാമം (പശു വളർത്തൽ പദ്ധതി), ആട് വളർത്തൽ, പാലിന് സബ്സിഡി, കാലിത്തീറ്റ വിതരണം എന്നിവയ്ക്ക് ആവശ്യമായ തുക ബഡ്ജറ്റിൽ ഉൾച്ചേർത്തിട്ടുണ്ട്.
പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉതകുന്ന വിധത്തിൽ സ്വയം തൊഴിൽ സംരംഭങ്ങൾ, വൈജ്ഞാനിക സമ്പത്ത് വരുമാന വർദ്ധനവിനുതകുന്ന വിധം നൈപുണ്യ വികസനത്തിന് ഫെസിലിറ്റേഷൻ സെന്റർ എന്നിവയ്ക്ക് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട് .
ആരോഗ്യമേഖലയിൽ സാന്ത്വന പരിചരണം, ജീവിത ശൈലി രോഗങ്ങൾ, പകർച്ച വ്യാധികൾ തടയുന്നതോടൊപ്പം ആധുനിക വൈദ്യ ശാസ്ത്ര ഗുണ ഫലങ്ങൾ പൊതു സമൂഹത്തിനു ലഭ്യമാക്കുന്നതിന് ഉതകുന്ന വിധത്തിൽ മോഡേൺ മെഡിസിൻ, അലോപ്പതി, ആയുർവേദ, ഹോമിയോ ചികിത്സ വിഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജന പ്രദമായിട്ടുള്ള പ്രഭാത ഭക്ഷണം , പട്ടിക ജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ, മെറിറ്റോറിസ് സ്കോളർഷിപ്പ്, ലാപ് ടോപ്പ് വിതരണം , സ്കൂളുകൾക്ക് ഫർണിച്ചർ, ശുചിത്വ സൗകര്യം, കിച്ചൻ നിർമ്മാണം, കുടിവെള്ളം എന്നിവയ്ക്ക് ആവശ്യമായ തുക ഉൾപ്പെടുത്തിയിട്ടുണ്ട് . വനിതാ ശിശു വികസന വകുപ്പിൽ അനിവാര്യ ചുമതലകൾക്ക് പുറമെ പെണ്ണിടം, ജ്വാല, ഫെസിലിറ്റേഷൻ സെന്റർ, എന്നിവ നടപ്പിലാക്കി കൊണ്ട് ബഡ്ജറ്റിൽ സ്ത്രീപക്ഷ സമീപനം സ്വീകരിച്ചിട്ടുണ്ട് .
ഭവന നിർമ്മാണം , ഭവന മെയിന്റെനൻസ്, എന്നിവയ്ക്കും സൗരോർജ്ജ പാനൽ, പൊതു മാർക്കറ്റ് നവീകരണം, കലാ കായിക സൗകര്യങ്ങൾ ഒരുക്കൽ , ശുചിത്വ സൗകര്യങ്ങൾ, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ദിശാ ബോധമുള്ള ഒരു ബജറ്റ് ആണ് അവതരിപ്പിച്ചിട്ടുള്ളത്.
ചിറയിൻകീഴ് ബ്ലോക്കിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള നമ്മുടെ പഞ്ചായത്തിൽ പ്രസ്തുത വിഭാഗത്തിന്റെ ക്ഷേമത്തിനും പുരോഗതിയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഉതകുന്ന തരത്തിൽ വിവിധ മേഖലകളിൽ ആവശ്യമായ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ 90% കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകാനായെങ്കിലും ഗ്രാമീണ റോഡുകളുടെ തകർച്ചയ്ക്ക് ഇടയാക്കി.ഗ്രാമീണ റോഡുകളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഗ്രാമ പഞ്ചായത്തിന്റെ തനതു ഫണ്ട്, സംരക്ഷണഫണ്ട് എന്നിവ കൂടി വകയിരുത്തിയിട്ടുള്ളതാകുന്നു. 12-02-2024 തിങ്കളാഴ്ച ചർച്ച പൂർത്തിയാക്കുന്നതാണ്




