കാട്ടാക്കട : ഗ്രാമീണ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷം. കാൽനട,ഇരുചക്ര വാഹന യാത്രക്കാർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവ്. അതിർത്തി കടത്തി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ആൾപ്പാർപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ ഇറക്കി വിടുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി പാളിയതോടെ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു.വന്ധ്യംകരണം നടക്കാതെയായി.
തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങൾക്ക് ഇല്ല. മുൻപ് നായ ശല്യം രൂക്ഷമാകുമ്പോൾ ‘പട്ടിപിടുത്തക്കാർ’ ഇറങ്ങുക പതിവ്. ഇപ്പോൾ ഇതും നടക്കാതായി. മാർക്കറ്റുകൾ, മാലിന്യം നിറയുന്ന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത്. അതിർത്തി കടത്തി വാഹനങ്ങളിൽ കൊണ്ടു വരുന്ന നായ്ക്കളെ കാട്ടാക്കട,കള്ളിക്കാട്,മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നതായി നാട്ടുകാർ പരാതിപെടുന്നു.കുറ്റിച്ചൽ, കോട്ടൂർ പ്രദേശത്തു തെരുവ് നായ്ക്കൾ അടുത്തിടെ ക്രമാതീതമായി വർധിച്ചതായി നാട്ടുകാർ പറയുന്നു.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് തെരുവ് നായ്ക്കൾ കൂടി വന്നതോടെ നാട്ടുകാർ ഇരട്ടി ദുരിതത്തിലായി. സ്കൂൾ കുട്ടികൾക്ക് പട്ടിയെ ഭയക്കാതെ നടന്ന് സ്കൂളിലെത്താൻ കഴിയുന്നില്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ പട്ടിയെ തുരത്താൻ കയ്യിൽ കുറുവടികൾ കരുതേണ്ട നിലയിലാണ്.ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കൾ മരണക്കെണി ഒരുക്കുകയാണ്. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല. അപകടത്തിൽപെടുന്ന പലരും ദിവസങ്ങളും മാസങ്ങളും ചികിത്സ തേടണം. റോഡിൽ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കൾക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ റോഡു വക്കിൽ തള്ളുന്നുണ്ട്. ഇത്തരം സ്ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കളെ വാഹനത്തിൽ കൊണ്ട് ഇറക്കുന്നതും. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
