വർക്കല : വർഷങ്ങൾ നീണ്ട നവീകരണവും തുടർന്നു സൗന്ദര്യവൽക്കരണവും നടത്തി ഉദ്ഘാടനം നിർവഹിച്ച വർക്കല ജനാർദന സ്വാമി ക്ഷേത്രക്കുളത്തിന്റെ ചുറ്റുപാടും ശുചിയായി സൂക്ഷിക്കാനുള്ള നടപടി വേണമെന്നു ഭക്തർ. കുളത്തിന്റെ ലോലമായ പരിസ്ഥിതി ഘടന നിലനിർത്താൻ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നീരുറവ സംരക്ഷണം അനിവാര്യമാണ്. എന്നാൽ കുളത്തിന്റെ കിഴക്കുഭാഗത്തെ പടവുകൾക്കു മീതേ ഉറവ ജലം കെട്ടിനിന്നു പായൽ നിറഞ്ഞ അവസ്ഥയാണ്. കുളിക്കാനിറങ്ങുന്നവർ ഉപേക്ഷിക്കുന്ന സോപ്പ്, എണ്ണ കവറുകൾ എന്നിവ ചിതറിക്കിടക്കുന്നുമുണ്ട്. സമാനമായ സ്ഥിതി കുളത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുണ്ട്. കുളത്തിന്റെ കിഴക്ക് അതിർത്തിയിൽ കടകൾ സ്ഥിതി ചെയ്യുന്ന മേൽഭാഗത്ത് നിന്നും മലിനജലം എത്തിച്ചേരാനുള്ള സാധ്യതയുണ്ട്.
ഇവിടെ നിർമിച്ച സംരക്ഷണഭിത്തി തീർത്തും ദുർബലമാണെന്നു ആശങ്കയുണ്ട്. കുളത്തിന്റെ വടക്കു–പടിഞ്ഞാറു ഭാഗങ്ങൾ ഇപ്പോഴും കാടുപടലം നിറഞ്ഞ സ്ഥിതിയാണ്. കർക്കടക വാവ് വേളയിൽ മാത്രമാണ് പരിസരം ശുചീകരിക്കുക. സംരക്ഷണ വേലിയുടെ അഭാവത്തിൽ ഈ ഭാഗത്തേക്കു ആർക്കും വന്നു കയറാവുന്ന സ്ഥിതിയാണിപ്പോൾ. കുളത്തിലേക്കു പ്രവേശനകവാടം പരിമിതപ്പെടുത്താനും കഴിഞ്ഞില്ല. പ്ലാസ്റ്റിക് മാലിന്യം ഇപ്പോഴും പരിസരത്ത് ചിതറി കിടക്കുന്നുണ്ട്. രാത്രി സമയത്ത് ഈ ഭാഗത്ത് വെളിച്ചമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കുളത്തിൽ ഇറങ്ങി അപകടത്തിനിരയാകുന്നുണ്ട്.
