തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 2.48 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾക്കായിട്ടാണ് 2,47,98,041 കോടി രൂപയുടെ ഭരണാനുമതി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഫെബ്രുവരി 25നാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാലയോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ സ്വീവർ ലൈനുകളുടെ ക്ലീനിങ് എന്നീ പ്രവർത്തികൾ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിനുള്ള ആകെ 11 റോഡുകളിൽ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. ബാക്കി അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്.
കെആർഎഫ്ബിയുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഒരു റോഡ് ഫെബ്രുവരി 22നകം പൂർത്തിയാക്കും. ബാക്കിയുള്ളവ പൊങ്കാലയ്ക്കു വേണ്ടി അനുയോജ്യമാക്കും. സ്മാർട്ട് സിറ്റി 28 റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് റോഡുകൾ ഫെബ്രുവരി 22നകം പൂർത്തിയാക്കും. സ്മാർട്ട് സിറ്റി, കെആർഎഫ്ബി എന്നിവയുടെ പണിപൂർത്തിയാക്കാനുള്ള റോഡുകളിൽ സബ് കളക്ടറും പോലീസും ചേർന്ന് സംയുക്ത പരിശോധന നടത്തി പൊങ്കാലയ്ക്ക് അനുയോജ്യമാകാത്തവ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തും. പൊങ്കാലയോടനുബന്ധിച്ച് പോലീസ് വ്യക്തമായ ഗതാഗത പ്ലാനുകളും പാർക്കിങ് പ്ലാനുകളും തയാറാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1000 വനിതാ പോലീസ് ഉൾപ്പടെ 4120 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പോലീസ്, ഫയർ ഫോഴ്സ്, എക്സൈസ് എന്നീ വകുപ്പുകൾ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
