തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി പടർന്നു കിടക്കുന്ന കേരള സർവകലാശാലയിലെ വിദ്യാർഥികൾ കലാകിരീടത്തിനായി പോരാടും. 5 ദിവസം കളറാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിക്കുന്ന കേരള സർവകലാശാല കലോത്സവം പ്രധാന വേദിയായ സെനറ്റ് ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം നവ്യാനായർ മുഖ്യാതിഥി ആകും. വൈകിട്ട് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുക്കുന്ന വിളംബര ജാഥയോടെയാണ് കലാമേള വരവറിയിക്കുക. ഉച്ചകഴിഞ്ഞ് രണ്ടിന് യൂണിവേഴ്സിറ്റി കോളജിൽ നിന്നാരംഭിക്കുന്ന വിളംബര ജാഥ സെക്രട്ടേറിയറ്റ് ചുറ്റി കേരള സർവകലാശാലയിൽ സമാപിക്കും.
11 വരെ നടക്കുന്ന യുവജനോത്സവത്തിൽ 102 ഇനങ്ങളിൽ എട്ട് വേദികളിലായി 250 കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ മാറ്റുരയ്ക്കും. സർവകലാശാല സെനറ്റ് ഹാളാണ് പ്രധാന വേദി. വഴുതക്കാട് ഗവ. വനിതാ കോളജ്, യൂണിവേഴ്സിറ്റി കോളജ് ഓഡിറ്റോറിയം, ഗവ. സംസ്കൃത കോളജ്, ഗവ. മ്യൂസിക് കോളജ്, യൂണിവേഴ്സിറ്റി കോളജ് കെമിസ്ട്രി വകുപ്പ്, പിഎംജി സ്റ്റുഡന്റ് സെന്റർ എന്നിവിടങ്ങളാണ് വേദികൾ.
നഗരത്തിലെ വിവിധ കോളജുകളിൽ ഇന്നലെ അവസാനവട്ട ഒരുക്കങ്ങൾ നടന്നു. മറ്റു ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ ഇന്നു രാവിലെ മുതൽ തലസ്ഥാനത്തെത്തി തുടങ്ങും. ആദ്യ ഇനം തിരുവാതിര ഇന്നു വൈകിട്ട് 6ന് പ്രധാന വേദിയിൽ നടക്കും. മോഹിനിയാട്ടം വിമൻസ് കോളജിലും വഞ്ചിപ്പാട്ട് മത്സരം യൂണിവേഴ്സിറ്റി കോളജിലും നടത്തും. സംസ്കൃത കോളജിൽ കഥകളി മത്സരങ്ങളാണുള്ളത്. ആർട്സ് കോളജിൽ ലളിതഗാനവും സ്റ്റുഡന്റ്സ് സെന്ററിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ മത്സരങ്ങളും സംഘടിപ്പിക്കും. വൈകിട്ട് 6 മുതലാണു മത്സരങ്ങൾ ആരംഭിക്കുന്നത്.
