കല്ലമ്പലം : ബൈക്കുകളിൽ ചീറിപ്പായുന്ന സംഘം കരവാരം പഞ്ചായത്തിലെ ചാത്തൻപാറ,ചപ്പാത്ത് മുക്ക് പ്രദേശങ്ങളിൽ അപകടം ക്ഷണിച്ചു വരുത്തുന്നതായി പരാതി. അമിത വേഗവും മത്സര ഓട്ടവും പതിവാണെന്നു നാട്ടുകാർ. അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ബൈക്കിടിച്ച് പരുക്കേറ്റ വയോധികൻ മരിച്ചതാണ് അവസാനത്തെ സംഭവം. കഴിഞ്ഞ 14നാണു സംഭവംമണമ്പൂർ വലിയവിള പൊയ്കയിൽ റീന ഭവനിൽ ഉണ്ണിനായർ(64)ആണ് മരിച്ചത്. ചപ്പാത്ത് മുക്ക് ജംക്ഷനിൽ കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ അദ്ദേഹം വാഹനത്തിൽ കുരുങ്ങി 20 മീറ്ററോളം ഇഴഞ്ഞ് മുന്നോട്ട് പോയി. തുടർന്നുണ്ടായ ഗുരുതര പരുക്കാണ് മരണത്തിന് കാരണമായത്. ബൈക്കിൽ 3 അംഗ സംഘം സഞ്ചരിച്ചിരുന്നു. ആർക്കും ഹെൽമറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇത്തരം നിയമ ലംഘനങ്ങൾ കർശനമായി നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് ചപ്പാത്ത് മുക്ക് റസിഡൻസ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി. ഇരുചക്ര വാഹനത്തിലെ സൈലൻസർ അഴിച്ചു മാറ്റി വലിയ ശബ്ദം മുഴക്കി ഓടിച്ചു പോകുന്നതും പതിവാണ്.
