തിരുവനന്തപുരം : ശക്തമായ കാറ്റിൽ തൈക്കാട് ഗവ. ആർട്സ് കോളജ് വളപ്പിലെ മഹാഗണി മരം കടപുഴകി വീണു കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കോളജിനു സമീപത്തെ വീടിനും ഹരേകൃഷ്ണ ആശ്രമത്തിനും ആണ് നാശനഷ്ടമുണ്ടായത്. റോഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറിനും 2 ബൈക്കുകൾക്കും കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്നു രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ അഗ്നിരക്ഷാസേന എത്തി ശിഖരങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ആയിരുന്നു അപകടം. ചെങ്കൽച്ചൂള യൂണിറ്റിൽ നിന്ന് അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ ഷാജിഖാന്റെ നേതൃത്വത്തിൽ മൂന്നു വാഹനങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
