വർക്കല: എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ എം എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷൻ പുരസ്കാര സമർപ്പണവും അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷവും വർക്കല മൈതാനം വർഷമേഘ കൺവെൻഷൻ സെൻററിൽ വച്ച് നടന്നു.
ഇരുപതാം വാർഷികാഘോഷം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിലും സാംസ്കാരിക സമ്മേളനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.ജി. അരുണും ഉദ്ഘാടനം ചെയ്തു.
എം. എസ്. സുബ്ബലക്ഷ്മി സംഗീത പ്രതിഭാ പുരസ്കാരം പ്രമുഖ സംഗീതജ്ഞ ഗായത്രി വെങ്കട്ടരാമനും സംഗീത രത്ന പുരസ്കാരം പ്രസിദ്ധ ഗായകൻ അനൂപ് ശങ്കറിനും ചലച്ചിത്ര പ്രതിഭാ പുരസ്കാരം പ്രസിദ്ധ സംവിധായകൻ ബ്ലസിക്കും ചലച്ചിത്ര രത്ന പുരസ്കാരം നടി അപർണ ബാലമുരളിക്കും ലൈഫ് ടൈം അവാർഡ് നടി മല്ലിക സുകുമാരനും ദൃശ്യമാധ്യമ പുരസ്കാരം മാതുസജിക്കും സമ്മാനിച്ചു.
അഡ്വ. വി. ജോയ് എം.എൽ എ . അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യ പ്രഭാഷണവും
എം എസ് സുബ്ബലക്ഷ്മി അനുസ്മരണ പ്രഭാഷണം ഡോക്ടർ പി. ചന്ദ്രമോഹനും നടത്തി.
ഡോ. എം.ജയപ്രകാശ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി , വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സ്മിത സുന്ദരേശൻ, മുൻസിപ്പൽ കൗൺസിലർമാരായ പിഎം ബഷീർ, അഡ്വക്കേറ്റ് അനിൽകുമാർ, അനർട്ട് മുൻ ഡയറക്ടർ ഡോ. എം. ജയരാജു, ബി ജോഷി ബാസു , എന്നിവർ ആശംസ പ്രസംഗം നടത്തി. എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ്. കൃഷ്ണകുമാർ സ്വാഗതവും അഡ്വ. എസ്. രമേശൻ കൃതജ്ഞതയും രേഖപ്പെടുത്തി.
തുടർന്ന് ഗാനമേളയും ശ്രീകൃഷ്ണനാട്യ സംഗീത അക്കാദമിയിലെ നൃത്ത വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത വിസ്മയം 2024 എന്ന ഡാൻസ് പ്രോഗ്രാമും ഉണ്ടായിരുന്നു.
