മോഡൽ സ്കൂൾ, തൈക്കാട് യുപി സ്കൂളുകളിലേക്കു പോകുന്ന തൈക്കാട് ഗെസ്റ്റ് ഹൗസ് ജംക്‌ഷനിലെ അപകടകരമായ കുഴി. ചിത്രം: മനോരമ
തിരുവനന്തപുരം : മഴ മാറിയതോടെ സ്മാർട് റോഡുകളുടെ നിർമാണത്തിന് വേഗം കൂടിയെങ്കിലും വൈകാതെ സ്കൂൾ തുറക്കുന്നതോടെ യാത്രാ ദുരിതം ഇരട്ടിയാകുമെന്ന് ആശങ്ക. വെള്ളയമ്പലം–തൈക്കാട് റോഡിൽ വഴുതക്കാട് ശ്രീമൂലം ക്ലബിനു സമീപം കുഴിച്ചു വാരിയിട്ടിരിക്കുന്നത് കോട്ടൺ ഹിൽ സ്കൂളിലേക്കു പോകുന്ന വിദ്യാർഥികളെ വലക്കും. ചിൻമയ വിദ്യാലയം, കാർമൽ സ്കൂൾ എന്നിവിടങ്ങളിലേക്കു പോകുന്നവർക്കും റോഡ് പണി തലവേദനയാകും. മോഡൽ സ്കൂൾ, ആർട്സ് കോളജ് എന്നിവിടങ്ങളിലേക്കുള്ള വഴികളിലൊന്നായ എംജി രാധാകൃഷ്ണൻ റോഡിലെ പണി പെട്ടെന്നെങ്ങും തീരില്ല. അട്ടകുളങ്ങര–കിള്ളിപ്പാലം റോഡ് നവീകരണം ചാല ബോയ്സ്, ഗേൾസ് സ്കൂളുകൾ, തമിഴ് സ്കൂൾ, ചാല ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളെ ബാധിക്കുമെന്നാണ് ആശങ്ക.
പൊളിഞ്ഞു കിടക്കുന്ന വഞ്ചിയൂർ–ജനറൽ ആശുപത്രി റോഡ് ഹോളി ഏഞ്ചൽസ് സ്കൂളിലേക്കു പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. എല്ലാ റോഡുകളുടേയും പണി 15ന് മുൻപു തീർക്കുമെന്നാണ് പ്രഖ്യാപനം എങ്കിലും പല റോഡുകളുടേയും നിർമാണം തീരാൻ സാധ്യത കുറവാണ്. ഉപ്പിടാമൂട്–ഓവർബ്രിജ് റോഡിൽ ഓവർബ്രിജ് മുതൽ തിയറ്ററിന്റെ മുൻഭാഗം വരെ റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്. താഴേക്ക് ഇറങ്ങിയാൽ ചെട്ടികുളങ്ങര വഞ്ചിയൂർ റോഡിൽ ഓട നിർമാണത്തിനായി റോഡ് പൂർണമായി അടച്ചിരിക്കുകയാണ്. മാസങ്ങളായി റോഡിന്റെ അവസ്ഥ ശോചനീയമാണെന്നു പ്രദേശവാസികൾ പറഞ്ഞു. ഈ റോഡിലെ പണി അടുത്ത കാലത്തെങ്ങും തീരുമെന്ന പ്രതീക്ഷ നാട്ടുകാർക്കില്ല
