തിരുവനന്തപുരം : ബൈപാസിൽ ഈഞ്ചയ്ക്കലിനു സമീപം രാത്രി റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു റോഡിൽ വീണു കിടന്ന യുവാവിനുമേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. മുട്ടത്തറ ആശാൻ നഗർ ടിസി–42/1361(5) കുന്നിൽ വീട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർ ജി.മുരളീധരൻ നായരുടെയും ബബിതയുടെയും മകൻ എം.അനന്തു (23) ആണ് മരിച്ചത്. നിർത്താതെ പോയ ബൈക്ക് കണ്ടെത്താനായില്ല.
ശനി രാത്രി 10.30ന് ഈഞ്ചയ്ക്കൽ –കല്ലൂംമൂട് ഭാഗത്തായിരുന്നു അപകടം. കല്ലൂംമൂട് നിന്ന് ഈഞ്ചയ്ക്കൽ ഭാഗത്തേക്കു പോയ ബൈക്ക് ആണ് ഇടിച്ചത്. ഡിവൈഡറിനു സമീപം പരുക്കേറ്റു കിടന്ന അനന്തുവിന്റെ ശരീരത്തിലൂടെ അമ്പലത്തറ അൽആരിഫ് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു രോഗിയുമായി പോയ ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു. ആംബുലൻസ് നിർത്തിയ ശേഷം 108 ആംബുലൻസ് വിളിച്ചു വരുത്തി 11 മണിയോടെ അനന്തുവിനെ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ ആംബുലൻസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബൈക്ക് ഓടിച്ചയാളെ ഒന്നും ആംബുലൻസ് ഡ്രൈവറെ രണ്ടും പ്രതികളാക്കി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നന്തൻകോടുള്ള ഹെൽമറ്റ് വിൽപന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു അനന്തു. ജോലി കഴിഞ്ഞു ബസിൽ കിഴക്കേക്കോട്ടയിൽ ഇറങ്ങിയ ശേഷം വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. കല്ലൂംമൂട്ടിൽ വളവ് തിരിയുന്ന ഭാഗത്തു ഡിവൈഡറിൽ നിറയെ ചെടികൾ നിറഞ്ഞു നിൽക്കുന്നതും ലൈറ്റുകൾ ഇല്ലാത്തതും കാരണം വാഹനങ്ങൾ വരുന്നത് പലപ്പോഴും അറിയാൻ കഴിയാറില്ലെന്നു പൊലീസ് പറഞ്ഞു. ബൈക്ക് കണ്ടെത്താൻ സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണെന്നും ഫോർട്ട് പൊലീസ് പറഞ്ഞു.
