Oplus_131072
പാറശാല : ഷാരോൺ രാജിനെ കൊലപ്പെടുത്താൻ കഷായത്തിൽ ഗ്രീഷ്മ കലർത്തിയ കീടനാശിനി നിശ്ശബ്ദ കൊലയാളി. 3 തരത്തിൽ വിപണിയിൽ എത്തുന്ന കീടനാശിനിയിൽ 24 ശതമാനമാണു വിഷാംശം. മനുഷ്യശരീരത്തിലെത്തിയാൽ ആന്തരികാവയവങ്ങളെ തകർക്കും. കർഷകനായ അമ്മാവൻ നിർമലകുമാരൻ നായരുടെ വീട്ടിൽനിന്നാണു കീടനാശിനിയുടെ കുപ്പി ഗ്രീഷ്മ എടുത്തത്. വിഷം ഉള്ളിൽ ചെന്ന് പതിനൊന്നാം ദിവസം ഷാരോൺ മരിക്കുമ്പോൾ കരൾ, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനം ഏതാണ്ട് നിലച്ചിരുന്നു. സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ നിർണായകമായതിനാൽ കീടനാശിനിയുടെ വീര്യം മനസ്സിലാക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഒഡീഷയിലെ കീടനാശിനി നിർമാണ പ്ലാന്റ് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
ഇതുമായി ബന്ധപ്പെട്ട രേഖകൾ കുറ്റപത്രത്തിനു ബലം നൽകി. മനുഷ്യ ശരീരത്തിനുള്ളിൽ കടന്നാൽ ഈ കീടനാശിനി 24 മണിക്കൂറിനുള്ളിൽ ബാഷ്പീകരിച്ചു പോകുമെന്നതിനാൽ, അതുപയോഗിച്ചു കൊലപ്പെടുത്തിയാൽ തെളിയിക്കാനാവില്ലെന്നു ഗ്രീഷ്മ കണക്കുകൂട്ടി.വിഷം ഉള്ളിൽ ചെന്നതിന് എന്താണു തെളിവെന്നു വാദിച്ചാണു വിസ്താരവേളയിൽ പ്രതിഭാഗം ഗ്രീഷ്മയ്ക്കു കവചമൊരുക്കാൻ ശ്രമിച്ചത്.കീടനാശിനി ഉള്ളിലെത്തിയാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു ഡോക്ടർമാരുടെ മൊഴിയും വിഷാംശമുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കീടനാശിനി കുപ്പിയുടെ പുറത്ത് ഉൽപാദക കമ്പനി രേഖപ്പെടുത്തിയ വിവരങ്ങളും നിരത്തി പ്രോസിക്യൂഷൻ ഇതിനെ നേരിട്ടു.
‘അതിർത്തി’ വെല്ലുവിളി മറികടന്ന് പൊലീസ്
പാറശാല ∙ ഷാരോൺ വധക്കേസിൽ സംസ്ഥാന അതിർത്തിയുമായി ബന്ധപ്പെട്ട വെല്ലുവിളിയും മറികടന്നായിരുന്നു പൊലീസിന്റെ അന്വേഷണം. കേസിനാസ്പദമായ സംഭവം നടന്ന ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ദേവികോട് പഞ്ചായത്തിലുള്ള പുമ്പള്ളിക്കോണത്ത് ആയതിനാൽ കേസ് തമിഴ്നാട് പൊലീസിനു കൈമാറണമെന്ന ആവശ്യവുമായി പ്രതിഭാഗം രംഗത്തുവന്നിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും നിയമവിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടർന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുൻപ് അതിർത്തിപ്രശ്നം ഉന്നയിച്ച് പ്രതിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകി.
കുറ്റകൃത്യം നടത്താൻ ഗ്രീഷ്മ ഫോണിൽ വിളിക്കുമ്പോൾ ഷാരോൺ കേരളത്തിന്റെ പരിധിക്കുള്ളിലായിരുന്നുവെന്ന വാദം നിരത്തി പൊലീസ് ഇതിനെ പ്രതിരോധിച്ചു. സംഭവത്തിന്റെ തലേന്നു രാത്രി 11ന് ഗ്രീഷ്മയുമായി സംസാരിക്കുമ്പോൾ ഷാരോൺ പാറശാല സമുദായപൊറ്റയിലുള്ള വീട്ടിലായിരുന്നുവെന്നതു തെളിവായി കോടതിയിൽ ഹാജരാക്കി.കേസ് തമിഴ്നാട്ടിലേക്കു മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനു പിന്നാലെ പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. 85 ദിവസത്തിനകമാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വിസ്തരിച്ചത് 95 സാക്ഷികളെ
കഴിഞ്ഞ ഒക്ടോബർ15ന് ആരംഭിച്ച വിചാരണ ഈ മാസം 3നാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ഫോൺ ചാറ്റിലെ വിവരങ്ങളടക്കം 323 രേഖകളും 51 തൊണ്ടിമുതലുകളും ഹാജരാക്കി. ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണു സമർപ്പിച്ചത്.റൂറൽ എസ്പിയായിരുന്ന ഡി.ശിൽപ രൂപീകരിച്ച സ്പെഷൽ ടീമാണ് കേസ് അന്വേഷിച്ചത്. എസ്പി കെ.എം.സുൽഫിക്കർ, ഡിവൈഎസ്പിമാരായ കെ.ജെ.ജോൺസൺ, വി.ടി.റാസിത്ത്, പാറശാല ഇൻസ്പെക്ടർ സജി എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.
