വെഞ്ഞാറമ്മൂട് കൊലക്കേസിൽ നിർണായക വിവരം ലഭിച്ചതായി പൊലീസ്
വെഞ്ഞാറമൂട്ടില്‍ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ റിമാന്‍ഡിലുള്ള അഫാന് എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ക്ക് ചുറ്റിക തിരഞ്ഞെടുത്തതെന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചുറ്റിക തിരഞ്ഞെടുത്തിനെക്കുറിച്ച് അറിയാന്‍ സൈബര്‍ പൊലീസ് അഫാന്റെ ഫോണും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങളും പരിശോധിച്ചിരുന്നു. അഫാന്റെ രാത്രി സഞ്ചാരങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വെഞ്ഞാറമൂട് പൊലീസ് ആശുപത്രിയിലെത്തി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. സഹോദരന് അഹ്സാന്, പെൺസുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ എത്തിയ സംഘം അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ പിതൃമാതാവ് താഴെപാങ്ങോട് മസ്ജിദിന സമീപം താമസിക്കുന്ന സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് നേരത്തേ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പുല്ലമ്പാറ എസ്എന്‍ പുരത്ത് അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. ആശുപത്രി നിരീക്ഷണം കഴിഞ്ഞാലുടന്‍ അഫാനെ ജയിലിലേക്ക് മാറ്റും. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് ആദ്യം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണു തീരുമാനം ഇന്നോ നാളെയോ അഫാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
