ലഹരിമുക്തമാക്കണം ക്യാംപസുകൾ; വിസിമാരുടെ യോഗത്തിൽ നിർദേശവുമായി ഗവർണർ
ക്യാംപസുകളെ ‘ഡ്രഗ് ഫ്രീ സോണു’കളായി മാറ്റണമെന്നും ഇതിനുള്ള കർമപരിപാടികൾക്കു നേതൃത്വം വഹിക്കുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. സംസ്ഥാനത്തു ലഹരിമരുന്നു വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചുകൂട്ടിയാണു സർവകലാശാല, കോളജ് ക്യാംപസുകളിൽ പ്രതിരോധം തീർക്കണമെന്നു ഗവർണർ നിർദേശിച്ചത്. ലഹരി ഉപയോഗം സ്കൂളിൽനിന്നു തുടങ്ങുന്നതിനാൽ സ്കൂളുകളെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണം.
കള്ളക്കടത്ത്, ഹവാല, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണു ലഹരി മാഫിയയെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നേരിടാൻ കഴിയൂവെന്നും ഗവർണർ യോഗത്തിൽ പറഞ്ഞു. ലഹരിമരുന്നിന്റെ ദോഷവശം പ്രചരിപ്പിക്കണം. കുട്ടികളും കുടുംബാംഗങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള വഴികൾ ആലോചിക്കണം. ലഹരിയുടെ പിടിയിൽനിന്നു മോചിതരായെത്തുന്ന വിദ്യാർഥികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക സൗകര്യം കണ്ടെത്തണം.
