ഗുരു സമാഗമ ശതാബ്ദി ഉദ്ഘാടനം: തുഷാർ ഗാന്ധി നാളെ ശിവഗിരിയിൽ
മഹാത്മാഗാന്ധി– ശ്രീനാരായണഗുരു സമാഗമത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു ശിവഗിരി മഠത്തിൽ വിപുലമായ ക്രമീകരണങ്ങൾ. മഹാത്മജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കുന്ന ചടങ്ങിൽ എല്ലാ ഗുരുദേവ പ്രസ്ഥാനങ്ങളും സംഘടനകളും പ്രവർത്തകരും പങ്കെടുക്കുമെന്നു ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
നാളെ രാവിലെ 10ന് വനജാക്ഷി മന്ദിരം സ്മാരകമായി തുഷാർ ഗാന്ധി പ്രഖ്യാപിക്കും. തുടർന്ന് ഏകലോക സങ്കൽപ് സന്ദേശയാത്ര, 10.30നു ശതാബ്ദി സമ്മേളനം ഉദ്ഘാടനം. ഉച്ചയ്ക്കു 2ന് ഗുരുദേവൻ – ഗാന്ധിജി സമാഗമം പുനരാവിഷ്കാരവും സത്സംഗവും നടക്കും. ഗുരുധർമ പ്രചാരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കണമെന്നു ഗുരുധർമ പ്രചാരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അഭ്യർഥിച്ചു. ആലുവ സർവമത സമ്മേളനം, വൈക്കം സത്യഗ്രഹം, മഹാകവി കുമാരനാശാൻ ദേഹവിയോഗം എന്നിവയുടെ ശതാബ്ദി പ്രമാണിച്ചു തയാറാക്കിയ ഗുരുപ്രഭാവം സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും.
