ലക്ഷ്യം കാണാതെ മഴക്കാലപൂർവ ശുചീകരണം.
മാലിന്യമുക്ത നവകേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി മഴക്കാലപൂർവ ശുചീകരണം നേരത്തെയാക്കിയെങ്കിലും ജില്ലയിലും തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പല നഗരസഭകളിലും നടന്നില്ല. എന്നാൽ, വേനൽമഴ വന്നതോടെ പലയിടത്തും വെള്ളക്കെട്ടും മാലിന്യങ്ങളും കാരണം വൃത്തിഹീനമായി. പകർച്ചവ്യാധി ഭീഷണിയുമുണ്ട്. മാർച്ച് 30ന് രാജ്യാന്തര സീറോ വേസ്റ്റ് ദിനത്തിൽ മാലിന്യമുക്തമായി വാർഡുകളും തദ്ദേശ സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്നതിനാൽ മാർച്ച് ആദ്യവാരം തന്നെ ഇത്തവണ മഴക്കാലപൂർവ ശുചീകരണം നടത്താനായിരുന്നു നിർദേശം.
ഓടകളും ചാലുകളും മണ്ണും ചെളിയും ഉൾപ്പെടെ നീക്കി വൃത്തിയാക്കുക, പൊതുസ്ഥലങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കുക, വീടുകളിൽ ഡ്രൈ ഡേ ആചരണം തുടങ്ങിയവയാണു പ്രധാനമായും തദ്ദേശ വകുപ്പ് ആവശ്യപ്പെട്ടത്. ഇതിനായി ശുചിത്വ മിഷൻ ഉൾപ്പെടെ വിവിധ ഏജൻസികൾ പണവും വാർഡ് അടിസ്ഥാനത്തിൽ അനുവദിച്ചിരുന്നു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി രോഗപ്രതിരോധ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്താൻ കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. എലിപ്പനി, ചെള്ള് പനി, ഡെങ്കിപ്പനി തുടങ്ങിയവ പ്രതിരോധിക്കാൻ വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളാണു യോഗത്തിൽ ചർച്ചയായത്.
സ്കൂളുകളും പരിസരങ്ങളും കൊതുകു വിമുക്തമാക്കുക, സ്കൂളുകളിലും വീടുകളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക, കൃഷിസ്ഥലത്ത് കൊതുകു വർധന ഇല്ലാതാക്കുക, ഓടകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയവയാണു നിർദേശങ്ങൾ.
