വീക്ഷണം നെയ്ത്ത് സംഘം നശിക്കുന്നു
ആലംകോട് വീക്ഷണം നെയ്ത്ത് സംഘം പ്രവർത്തനക്ഷമമാക്കുമെന്നുള്ള അധികൃതരുടെ വാഗ്ദാനങ്ങൾ ജലരേഖയാകുന്നു. 20 വർഷം മുൻപ് അടച്ചുപൂട്ടിയ വീക്ഷണം കൈത്തറി സംഘത്തിന്റെ 70 സെന്റ് ഭൂമിയും അതിലെ കെട്ടിടങ്ങളും നശിക്കുകയാണ്. വ്യവസായ വകുപ്പിന്റെ കീഴിൽ നൂറിലേറെ സ്ത്രീ തൊഴിലാളികളും ഇവിടെ ജോലി നോക്കിയിരുന്നു. 110 തറികളിലാണ് ഇവിടെ നെയ്ത്ത് നടത്തിയിരുന്നത്. 50 ലക്ഷത്തിലധികം രൂപയുടെ ബാധ്യതകൾ സംഘത്തിനുള്ളതായി പറയുന്നു.സംഘം പുനരുജ്ജീവിപ്പിക്കാൻ 2017ൽ ശ്രമം നടന്നിരുന്നു.
ഇതിനായി 2017 സെപ്റ്റംബർ 25ന് സംഘത്തിൽ പ്രത്യേക യോഗം ചേർന്നു. ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 22 വർഷം മുൻപെടുത്ത ആറ് ലക്ഷം രൂപയുടെ വായ്പ പലിശയുൾപ്പെടെ 36 ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ട്. .കൂടാതെ ഓഡിറ്റ് ഫീസ്, ക്ഷേമനിധി, തൊഴിൽനികുതി, വൈദ്യുതിചാർജ് വെള്ളക്കരം, ഇപിഎഫ്, നഗരസഭയുടെ നികുതി എന്നിവയുടെ കുടിശികകളിന്മേലുള്ള ജപ്തി നടപടികളായിരുന്നു അന്ന് കണ്ടെത്തിയ പ്രധാന പ്രശ്നങ്ങൾ. ഇവ പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. 2020-ൽ ലേല നടപടികളുണ്ടായപ്പോൾ അധികൃതർ ഇടപെട്ട് അത് താൽക്കാലികമായി നിർത്തിവച്ചു.
സംഘം പുനരുജ്ജീവിപ്പിക്കുന്നതിലെ പ്രധാന തടസ്സം തൊഴിലാളികളെ കിട്ടാത്തതായിരുന്നു.പഴയ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും സംഘത്തിൽ വന്ന് ജോലി ചെയ്യാൻ വിമുഖത അറിയിച്ചു. ഇതോടെ പഴയ രീതിയിൽ സംഘം പ്രവർത്തിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നുറപ്പായി. നെയ്ത്ത് പരിശീലന കേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചെങ്കിലും അതും നടപ്പായില്ല. വ്യവസായ വകുപ്പിന് കീഴിൽ വ്യത്യസ്ത തൊഴിലുകൾ പരിശീലിപ്പിക്കുന്ന കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
