പ്രധാനമന്ത്രിയുടേത് 45 മിനിറ്റ് പ്രസംഗം, മുഖ്യമന്ത്രിക്ക് 5 മിനിറ്റ്; ശശി തരൂരിനും വിൻസെന്റിനും അവസരമില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രതിപക്ഷ പ്രതിനിധികൾക്ക് അവസരമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രി വി.എൻ. വാസവനും മാത്രമാകും പ്രസംഗിക്കാൻ അവസരം നൽകുക. പ്രധാനമന്ത്രി 45 മിനിറ്റ് സംസാരിക്കും. മുഖ്യമന്ത്രിക്ക് 5 മിനിറ്റും മന്ത്രി വാസവന് 3 മിനിറ്റുമാണ് പ്രസംഗിക്കാനുള്ള സമയം. പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂരിനും വിൻസെന്റിനും പ്രസംഗിക്കാൻ അവസരം ലഭിക്കില്ല. തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎൽഎയും എംപിയുമാണ് ഇരുവരും.
അതിനിടെ തുറമുഖം കമ്മിഷനിങ്ങിനു തൊട്ടുമുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. വിഴിഞ്ഞം തുറമുഖത്തെപ്പറ്റി 2015 ജൂൺ 8ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ നടത്തിയ പ്രസംഗമാണ് സതീശൻ പോസ്റ്റ് ചെയ്തത്. ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജന ഹൃദയങ്ങളിൽ ജീവിക്കുന്നുവെന്ന് കുറിച്ചാണ് സതീശൻ ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ചത്.
