ആറ്റിങ്ങൽ: കൊല്ലപുഴ ദേശീയപാത നിർമാണത്തിലെ അപാകതയെ തുടർന്ന് ദുരിതത്തിലായി കോട്ടപ്പുറത്തെ 30 ഓളം കുടുംബങ്ങൾ. കൊല്ലപുഴ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ചാലുകളും കലിങ്കുകളും മൂടപ്പെട്ടതോടെയാണ് ആദ്യം കൊല്ലപുഴ-കോട്ടപ്പുറം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ എംഎൽഎ, നഗരസഭ ചെയർപേഴ്സൺ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ട് ഇതിന് പരിഹാരം കണ്ടിരുന്നു. എന്നാൽ നിലവിൽ ഇതിലൂടെ ഉള്ള വെള്ളത്തിൻ്റെ ഒഴുക്ക് നിലച്ചതോടെ ചെറിയ മഴ പെയ്താൽ ഈ റോഡിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. ചാലുകൾ നിർമ്മിച്ചതിലുള്ള അപാകതയാണ് വീണ്ടും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന കോട്ടപ്പുറം പ്രദേശത്തേക്ക് ഉള്ള ഏക റോഡ് ഇതുമാത്രമാണ്. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അത്യാസന്ന നിലയിൽ കഴിയുന്ന മൂന്ന് പേർ കോട്ടപ്പുറം പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിനെ തുടർന്ന് ആളുകൾക്ക് ഈ പ്രദേശത്ത് എത്താൻ കഴിയാത്തതിനാൽ ഒരു മരണാന്തര ചടങ്ങ് ഇവിടെ നിന്ന് മറ്റൊരു ഇടത്തേക്ക് മാറ്റിയിരുന്നു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സിപിഐഎം നേതാക്കൾ കഴിഞ്ഞ ഈ സ്ഥലം സന്ദർശിച്ചു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം.പ്രദീപ് ബൈപ്പാസ് നിർമ്മാണ കരാർ ഏറ്റെടുത്തു നടത്തുന്ന കമ്പനി ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി. കൂടാതെ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവാണെന്നും ദിവസങ്ങളോളം കുടിവെള്ളം കോട്ടപ്പുറം നിവാസികൾക്ക് ലഭിക്കുന്നില്ലെന്നുള്ള പരാതിയിലും അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും ഏരിയ സെക്രട്ടറി എം. പ്രദീപ് കോട്ടപ്പുറം നിവാസികൾക്ക് ഉറപ്പ് നൽകി.സിപിഐഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം സി ദേവരാജൻ, വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സതീഷ്കുമാർ, കൊല്ലപുഴ ബ്രാഞ്ച് സെക്രട്ടറി അജിൻപ്രഭ, വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബികയും ദേശീയപാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. ശാശ്വത പരിഹാരം എന്ന നിലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗത്തെ റോഡ് ഉയർത്തി റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കൂടാതെ ചാലുകൾ വൃത്തിയാക്കി വെള്ളത്തിൻ്റെ ഒഴുക്ക് വർദ്ധിപ്പിക്കുമെന്നും എം.എൽ.എക്ക് കരാർ കമ്പനി ജീവനക്കാർ ഉറപ്പ് നൽകി. റോഡ് പൂർണമായും ഉയർത്തി നിർമ്മിക്കുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഉടൻ തുക അനുവദിച്ചു നൽകുമെന്ന് എംഎൽഎ ഒ.എസ് അംബിക പറഞ്ഞു.
ഫോട്ടോ: സിപിഎം നേതാക്കൾ വെള്ളക്കെട്ട് ഉണ്ടായ കൊല്ലപുഴ- കോട്ടപ്പുറം റോഡ് സന്ദർശിക്കുന്നു.
