തിരുവനന്തപുരം ∙ ആരോഗ്യ മന്ത്രിയുടെ രാജിവയ്ക്കൽ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ തലസ്ഥാനം യുദ്ധക്കളമായി. ജലപീരങ്കി പ്രയോഗത്തിലും പൊലീസുമായുള്ള ഉന്തിലും തള്ളിലും പെട്ടും സമരങ്ങളിൽ പങ്കെടുത്ത ഒട്ടേറെ പ്രവർത്തകർക്കു പരുക്കേറ്റു. മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസ് സ്ഥിതി ചെയ്യുന്ന തൈക്കാട്– വഴുതക്കാട് റോഡിൽ വൈകുന്നേരം വരെ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് സ്ത്രീ മരിക്കാൻ ഇടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമരം.
സെക്രട്ടേറിയറ്റിൽ ആരോഗ്യമന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന അനക്സ് രണ്ടിലേക്ക് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രകടനമായെത്തിയ പ്രവർത്തകരെ പ്രധാന കവാടത്തിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഗേറ്റ് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. തുടർന്ന് പ്രവർത്തകർ ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി ജില്ലാ പ്രസിഡന്റ് ഗായത്രി വി.നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ലക്ഷ്മി, ഭാരവാഹികളായ ഷെമി, അനിത അലക്സ്, ആർ.ബിന്ദു, എൽ.അനിത എന്നിവർ പങ്കെടുത്തു.
ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് ഹൗസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ഉച്ചയ്ക്ക് 12 ന് സിറ്റി ഓഫിസിൽ നിന്നാരംഭിച്ച മാർച്ച് ഭാരത് ഭവനു മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ പൊലീസ് 10 തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ പിന്തിരിഞ്ഞില്ല. സമരം വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന നേതാക്കളായ പി.സുധീർ, എസ്.സുരേഷ്, വി.ശിവൻ കുട്ടി, വി.വി.രാജേഷ്, വി.ടി.രമ തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് ലീഗ് പ്രവർത്തകരുടെ മാർച്ചിനെയും പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് നേരിട്ടത്. തൈക്കാട് ഹൗസിലേക്ക് ഇന്നലെ വൈകിട്ടായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിനിടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ 5 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യമന്ത്രി മരണത്തിന്റെ മന്ത്രിയെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് പി.കെ.ഫിറോസ് വിമർശിച്ചു. നാളെ മുതൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും യൂത്ത് ലീഗ് അറിയിച്ചു.
