January 15, 2026

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.

മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അഴിമുഖത്തും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോ​ഗമിക്കുന്നുവെന്നും കാലാവസ്ഥ അനുകൂലമായതിനാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.

തെക്കേ പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്ന പ്രവൃത്തിയും ഹാർബറിന്റെ തെക്ക്ഭാഗത്ത് വീണുകിടക്കുന്ന കല്ലുകളും ട്രെഡ്രാപോഡുകളും നീക്കം ചെയ്യുന്ന പ്രവൃത്തിയും പുരോഗമിച്ച് വരികയാണെന്നും കളക്ടർ കമ്മീഷനെ അറിയിച്ചു.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ ചാനലിൽ മണ്ണടിഞ്ഞ് പൊഴിയടഞ്ഞതുമായി ബന്ധപ്പെട്ട് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിനായി എട്ട് കോടിയുടെ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചുവെന്നും ധനാനുമതി ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും ഫിഷറീസ് ഡയറക്ടർ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്തു.

വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ മുട്ടയ്ക്കാട് എൽ.എം.എസ് എൽ.പി.എസ്സിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് സമർപ്പിച്ച ഹർജിയിൽ, പരാതി സംബന്ധിച്ച രേഖകളും റിപ്പോർട്ടും രണ്ടാഴ്ചയ്ക്കുള്ളിൽ കമ്മീഷൻ മുമ്പാകെ ഹാജരാക്കുവാൻ പഞ്ചായത്ത് അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 9746515133 എന്ന നമ്പരിൽ വാട്ട്‌സ് ആപ്പിലൂടെയും പരാതി സമർപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *