January 15, 2026

തിരുവനന്തപുരം ∙ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ വൻ ക്രമക്കേടെന്ന് സൂചന. തുച്ഛമായ തുകയ്ക്ക് ലേലം പിടിച്ച ശേഷം വൻ തുകയ്ക്ക് കടമുറികൾ മറുവാടകയ്ക്ക് നൽകുന്നുണ്ടെന്നും ഓരോ വർഷവും പത്തു ശതമാനം വാടക തുക വർധിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ലെന്നും ശാസ്തമംഗലത്തെ കെട്ടിട വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കോർപറേഷനുമായി കരാറിൽ ഏർപ്പെട്ട വ്യക്തി മരണപ്പെട്ടിട്ടും കെട്ടിടങ്ങൾ കോർപറേഷന് തിരികെ കൈമാറാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഗുരുതര പിഴവുകൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ കോർപറേഷൻ വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും തറ വിസ്തീർണം ഉൾപ്പെടെയുളള വിവരങ്ങൾ ശേഖരിക്കാൻ മേയർ വി.വി.രാജേഷ് കോർപറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. ധനകാര്യ സ്ഥിരസമിതിയാണ് കടമുറികൾ ഉൾപ്പെടെയുള്ള കോർപറേഷന്റെ ആസ്തികൾക്ക് വാടക നിശ്ചയിക്കുന്നത്. ഇതു കൗൺസിൽ അംഗീകരിച്ച ശേഷം ലേല നടപടികളിലേക്ക് കടക്കുന്നതാണ് രീതി.

പാളയം കണ്ണിമേറ മാർക്കറ്റ്, പൂജപ്പുര മൈതാനത്തിന് ചുറ്റുമുള്ളവ തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങൾ വർഷങ്ങളായി ചില വ്യക്തികൾ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ ചില കടകളും തിരുമല ഷോപ്പിങ് കോംപ്ലക്സ്, പേരൂർക്കട ഉൾപ്പെടെയുള്ള മാർക്കറ്റുകൾ എന്നിവിടങ്ങളിലെ കട മുറികളിലും കച്ചവടം നടത്തുന്നത് കോർപറേഷനുമായി കരാറിൽ ഏർപ്പെട്ട വ്യക്തിയല്ലെന്നും കണ്ടെത്തി.

കോർപറേഷനു നൽകുന്ന വാടകയുടെ അഞ്ചും ആറും ഇരട്ടി തുകയ്ക്ക് മറു വാടകയ്ക്ക് നൽകിയിരിക്കാനാണു സാധ്യതയെന്നാണ് കണക്കുകൂട്ടൽ. കരാർ കാലാവധിക്കിടെ കെട്ടിടം ഉപയോഗിച്ചില്ലെന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ ആ സമയത്തെ വാടക ഒടുക്കുന്നത് ഒഴിവാക്കുന്ന രീതി കോർപറേഷനിലുണ്ട്. ഇതിന്റെ മറവിൽ കെട്ടിടങ്ങളും പാർക്കിങ് സ്ഥലങ്ങളും ലേലത്തിൽ പിടിച്ച ചിലർക്ക് വ്യാപകമായി ഇളവു നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് പ്രവർത്തിക്കുന്ന ശാസ്തമംഗലത്തെ കെട്ടിടത്തെ ചൊല്ലി എംഎൽഎയും കൗൺസിലറും ഉടക്കിയ സാഹചര്യത്തിലാണ് മുഴുവൻ കെട്ടിടങ്ങളുടെ തൽസ്ഥിതി അറിയാൻ പരിശോധന നടത്തിയത്. എത്ര കെട്ടിടങ്ങൾ കോർപറേഷന്റെ ഉടമസ്ഥതയിലുണ്ടെന്ന വ്യക്തമായ കണക്കു പോലും എൻജിനീയറിങ്, റവന്യു, ആരോഗ്യ വിഭാഗങ്ങളിൽ ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഴുവൻ രേഖകളും പരിശോധിക്കാൻ മേയർ നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *