നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ടൗൺ പോസ്റ്റോഫീസ് ഔദ്യോഗികമായി പൂട്ടിയതായി നോട്ടീസ് പതിപ്പിച്ച് തപാൽ വകുപ്പ്. കഴിഞ്ഞദിവസം നടന്ന പ്രതിഷേധ സമരത്തെത്തുടർന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഉറപ്പുനൽകിയവരാണ് തിങ്കളാഴ്ച രാവിലെ നോട്ടീസ് പതിപ്പിച്ചത്. ടൗൺ പോസ്റ്റോഫീസ് പൂട്ടിയതിനെതിരേ തപാൽ വകുപ്പിലെ ഇടതുസംഘടനയായ എൻഎഫ്പിഇയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചു. ചൊവ്വാഴ്ച കെഎസ്കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തും.
തുടർന്ന് ഡിവൈഎഫ്ഐ, കെഎസ്കെടിയു പ്രവർത്തകർ പോസ്റ്റോഫീസ് ഉപരോധസമരം നടത്തിയിരുന്നു. ഈ സമരത്തെത്തുടർന്ന് പോസ്റ്റോഫീസ് പൂട്ടുന്നകാര്യം പുനഃപരിശോധിക്കുമെന്ന് തപാൽ വകുപ്പ് അധികൃതർ സമരക്കാർക്ക് ഉറപ്പുനൽകിയിരുന്നു. ഇത് ലംഘിച്ചാണ് തിങ്കളാഴ്ച രാവിലെ ടൗൺ പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്ന നഗരസഭയുടെ അക്ഷയ വാണിജ്യസമുച്ചയത്തിലെ ഷട്ടറിൽ നോട്ടീസ് പതിപ്പിച്ചത്.
ടൗൺ പോസ്റ്റോഫീസ് പൂട്ടുന്നതായും അതുകൊണ്ട് പോസ്റ്റോഫീസിനെ ആശ്രയിച്ചിരുന്നവർ ആശുപത്രിക്കവലയിലെ ഹെഡ് പോസ്റ്റോഫീസിൽ സേവനങ്ങൾക്കായി എത്തണമെന്നുമാണ് നോട്ടീസിലുള്ളത്. പോസ്റ്റോഫീസ് പൂട്ടരുതെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപിയും കെ.ആൻസലൻ എംഎൽഎയും തപാൽ വകുപ്പ് ചീഫ് പോസ്റ്റുമാസ്റ്റർ ജനറലിന് കത്തയച്ചിരുന്നു. പോസ്റ്റോഫീസ് പൂട്ടിയതിനെതിരേ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്.
സമരം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തീരുമാനം തപാൽ വകുപ്പ് പുനഃപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി ഇടതുപക്ഷം രംഗത്തിറങ്ങുമെന്ന് കെ.ആൻസലൻ എംഎൽഎ പറഞ്ഞു. നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ, വൈസ് ചെയർമാൻ കെ.കെ.ഷിബു, എൻഎഫ്പിഇ നേതാക്കളായ വിനോദ്കുമാർ, സാബുലാൽ, രാജീവ്, കിരൺ, ആന്റോരാജ്, അനന്തനാരായണൻ, അഖിൽ, പ്രമോദ്, മാഹീൻ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച രാവിലെ കെഎസ്കെടിയും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയാ സെക്രട്ടറി ആർ.എസ്.രാജേഷ് അറിയിച്ചു.ടൗൺ തപാൽ ഓഫീസ് പൂട്ടുന്നതിനെതിരേ നിവേദനം നൽകാൻ ഒപ്പുശേഖരണം നടത്തിയ പോസ്റ്റൽ ഏജന്റ് മരിച്ചു. പത്താംകല്ല്, മായാനിവാസിൽ ജലജകുമാരി(മായ-66)യാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗൺ തപാൽ ഓഫീസ് പൂട്ടുന്നതിനെതിരേ ഉന്നത അധികാരികൾക്കു നിവേദനം നൽകാനായി ഇവർ തപാൽ ഓഫീസിലെത്തുന്നവരുടെ ഒപ്പുശേഖരണം നടത്തിവരുകയായിരുന്നു. ടൗൺ തപാൽ ഓഫീസ് പൂട്ടി പകരം ഹെഡ് തപാൽ ഓഫീസിലേക്കു മാറുമ്പോൾ തിരക്ക് വർധിക്കുകയും സേവനങ്ങൾ യഥാസമയം ലഭിക്കില്ലെന്നും ഇവർക്ക് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഭർത്താവ്: സി. സുകുമാരൻനായർ(റിട്ട. എൽഎസ്ജിഡി). മക്കൾ: രഞ്ജിത ജെ.എസ്., രേഷ്മ ജെ.എസ്.(മോഹൻദാസ് കോളേജ്). മരുമക്കൾ: ഡോ. കെ. ഹരികുമാർ(ഡയറക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്), ജയശങ്കർ (കാപ്പ് സ്റ്റോക്സ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന്.
