തിരുവല്ലം : ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുന്ന തിരുവല്ലത്തെ സർവീസ് റോഡ് പാലം ജൂലായ് രണ്ടാംവാരത്തോടെ തുറന്നുകൊടുത്തേക്കും. ദേശീയപാതയിൽ കരമനയാറിനു കുറുകേയുള്ള തിരുവല്ലം പഴയപാലത്തിനോടു ചേർന്നാണ് പുതിയ സർവീസ് റോഡ് പാലം നിർമിക്കുന്നത്. 110 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിനെ താങ്ങിനിർത്തുന്നത് അഞ്ച് സ്പാനുകളാണ്.
15 കോടിയോളം രൂപ ചെലവിട്ടാണ് സർവീസ് റോഡ് പാലം നിർമിക്കുന്നത്. വെള്ളത്തിലും കരയിലുമായി സ്ഥാപിച്ചിട്ടുള്ള സ്പാനുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പണിയാണ് ഇനിയുള്ളത്. തുടർന്ന് റോഡ് ടാറിടലും അനുബന്ധ നിർമാണങ്ങളും പൂർത്തിയാക്കും.
പുതിയ സർവീസ് പാലം വരുന്നതോടെ ദേശീയപാതയിൽ തിരുവല്ലം ജങ്ഷനിലുള്ള എക്സിറ്റ് അടയ്ക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. ടോൾ ഒഴിവാക്കാനായി ദേശീയപാത വഴി വരുന്ന മിക്ക വാഹനങ്ങളും തിരുവല്ലം ജങ്ഷനിൽനിന്ന് പുറത്തിറങ്ങി പാച്ചല്ലൂർ റോഡ് വഴി വാഴമുട്ടത്ത് കയറിയാണ് പോകുന്നത്. നീളംകൂടിയ ചരക്കുലോറികൾ ഉൾപ്പെടെ ഈ മാർഗം സ്വീകരിക്കുന്നതിനാൽ പാച്ചല്ലൂർ റോഡിൽ വലിയ ഗതാഗതകുരുക്കുമുണ്ടാകാറുണ്ട്.
പാച്ചല്ലൂർ റൂട്ടിൽനിന്നെത്തുന്ന കെഎസ്ആർടിസി ബസ് അടക്കമുള്ള വാഹനങ്ങൾ അമ്പലത്തറ റോഡിലേക്കു കടക്കുന്നതിനായി ദേശീയപാത കടന്നുവേണം നിലവിൽ പോകാൻ. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാവുന്നുമുണ്ട്.
ദേശീയപാതയിൽ വൺവേ സംവിധാനം നിലവിൽ വരുന്നതോടെ വാഴമുട്ടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തിരുവല്ലത്തെത്തി യുടേണെടുത്ത് ദേശീയപാതയിലെ രണ്ടാമത്തെ രണ്ടുവരി പാതയിലൂടെയാണ് നഗരത്തിലേക്കു കടക്കേണ്ടത്.
ഇതിനായി തിരുവല്ലം ജങ്ഷന്റെ നിലവിലെ കുപ്പിക്കഴുത്തുപോലുള്ള റോഡ് സംവിധാനം പാടേ മാറ്റുമെന്നാണ് ദേശീയപാതാ അധികൃതരുടെ സാങ്കേതികവിഭാഗം പറയുന്നത്.
