കാട്ടാക്കട : വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും കാട്ടുപോത്തുകൾ എത്തിത്തുടങ്ങിയതോടെ ഭയന്ന് ജനങ്ങൾ. ഇവ അടുത്തകാലത്തായി കൂടുതൽ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത് നാട്ടുകാർക്കു ഭീഷണിയാകുന്നു.
അഞ്ചു വർഷത്തിനിടെ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ നിരവധിപ്പേർക്കാണ് പരിക്കേറ്റത്. ഇവ നശിപ്പിച്ച കൃഷിക്കു കണക്കില്ല. കുറ്റിച്ചൽ, ആര്യനാട്, കള്ളിക്കാട് പഞ്ചായത്തുകളിലെ ഉത്തരംകോട്, കോട്ടൂർ, പറണ്ടോട്, വിനോബാനികേതൻ, മലയടി, ഈഞ്ചപ്പുരി, നെട്ടുകാൽത്തേരി, വ്ളാവെട്ടി, നെയ്യാർഡാം, തേക്കുവിള, പെട്ടിപ്പാറ, പന്ത, നിരപ്പൂക്കാല, കണ്ടതിട്ട, മായം തുടങ്ങിയ പ്രദേശങ്ങളിവാണ് ഇവ ഭീതിവിതയ്ക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ടംതിട്ടയിൽ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടുപോത്തിനെ വിരട്ടിയോടിക്കാൻ ശ്രമിക്കവേ വനപാലകനു പരിക്കേറ്റ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ഇതിനെ വീണ്ടും വനപാലകർ ചേർന്ന് വനത്തിലേക്കു തുരത്തിവിട്ടെങ്കിലും തിരിച്ചുവരുമെന്ന ഭീതിയിലാണ് പ്രദേശത്തുകാർ.
നാലു വർഷം മുൻപ് കോട്ടൂർ കുന്നത്തേരി ഊരിൽ മാധവൻ കാണി(60)യെ കാട്ടുപോത്ത് കുത്തിയിരുന്നു.
രാവിലെ വനത്തിനോടു ചേർന്ന കൃഷിയിടത്തിൽ നിൽക്കവേയാണ് കാട്ടുപോത്ത് ആക്രമിച്ചത്. 2023-ൽ കോട്ടൂർ അഗസ്ത്യവനത്തിൽ ആദിവാസി സ്ത്രീയെ കാട്ടുപോത്ത് ആക്രമിച്ചു. കോട്ടൂർ അഗസ്ത്യവനം പൊത്തോട് ഊരിലെ പരപ്പിക്കാണി(54)നാണ് പരിക്കേറ്റത്. 2024-ൽ അമ്പൂരി ചാക്കപ്പാറ ഊരിലെ സുരേഷി(35)നെ കാട്ടുപോത്ത് കുത്തിവീഴ്ത്തി.നെയ്യാർ വനത്തിൽ വനം വകുപ്പിന്റെ ഫയർ വാച്ചറായി ജോലിചെയ്യുന്ന ആദിവാസിയാണ് സുരേഷ്. ഇതേ വർഷം ഡിസംബറിൽ കള്ളിക്കാട്ട് ബൈക്ക് യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. മൈലക്കര ഏറെകോണം ശാലോമിൽ സജീവ് കുമാർ(54), മൈലക്കര കാണികോണം രജിഭവനിൽ ചന്ദ്രൻ(66) എന്നിവർക്കാണ് പരിക്കേറ്റത്.
രാവിലെ വീട്ടിൽനിന്ന് റോഡിലൂടെ രണ്ടു ബൈക്കുകളിലായി പോകുകയായിരുന്ന ഇവരെ അഞ്ചു മിനുട്ടിന്റെ ഇടവേളയിലാണ് കാട്ടുപോത്ത് കുത്തിവീഴ്ത്തിയത്. ആര്യനാട് പഞ്ചായത്തിലെ മലയടി, വിനോബാനികേതൻ, കണിയാരംകോട് എന്നിവിടങ്ങളിൽ രണ്ടു മാസം മുൻപ് നാട്ടുകാരെ ഭീതിയിലാക്കി കറങ്ങിനടന്ന കാട്ടുപോത്തിനെ വനം വകുപ്പ് മയക്കുവെടി െവച്ച് പിടികൂടി കാട്ടിൽ വിട്ടിരുന്നു.
നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിൽ പരിസരത്ത് സ്ഥിരമായി എത്തുന്ന കാട്ടുപോത്തുകൾ പ്രദേശത്തുകാർക്ക് ഭീഷണിയായിട്ട് നാളേറെയായി. കള്ളിക്കാട്, കല്ലാമം, ഏഴാംമൂഴി എന്നിവിടങ്ങളിൽ മൂന്നു മാസം മുൻപ് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
കുറ്റിച്ചൽ പഞ്ചായത്തിലെ ശംഭുതാങ്ങി, മലവിള, ഉത്തരംകോട് ഭാഗങ്ങളിലും റബ്ബർത്തോട്ടങ്ങളിൽ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകൾ പതിവുകാഴ്ചയാണ്. കോട്ടൂർ വനത്തിലെ നെടുവാൻവയൽ ഭാഗത്തുനിന്നാണ് ഇവ കൂട്ടമായി ഇവിടെയെത്തുന്നത്.പലപ്പോഴും ഇവ ഉത്തരംകോട് ജങ്ഷൻ വരെയെത്തുന്നു. കൂട്ടമായെത്തുന്ന ഇവ കൃഷിയിടങ്ങളിൽ കടന്നുകയറി വിളകൾ കുത്തിമറിച്ച് നശിപ്പിക്കുക പതിവാണ്. പുലർച്ചെ റബ്ബർ ടാപ്പിങ്ങിനായി പോകുന്ന തൊഴിലാളികൾക്കും ഇവ ഭീഷണിയാണ്. ഇരുട്ടിൽ പെട്ടെന്നു മുന്നിലെത്തുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവം കാണിക്കുമെന്നും അവർ പറയുന്നു. വളരെ വലുപ്പമുള്ള കാട്ടുപോത്തുകൾ അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ കണ്ടാൽ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.
വേനലായതോടെ വനാതിർത്തിയോടു ചേർന്ന ജനവാസമേഖലകളിൽ ഇവയുടെ ശല്യം വർധിക്കുകയാണ്.
