തിരുവനന്തപുരം: തുടങ്ങിയും മുടങ്ങിയും പതിറ്റാണ്ടുകളായി നീളുന്ന കാരോട്-കന്യാകുമാരി നാലുവരിപ്പാതയുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. ഡിസംബറിൽ തുറക്കുമെന്ന് അറിയിച്ചിരുന്ന പാത ജൂണിൽ ഗതാഗതത്തിന് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടശ്ശേരിക്കടുത്ത് പുത്തേരിയിലെ വലിയ മേൽപ്പാലം ഒഴിച്ച് റോഡുകളുടെയും പാലങ്ങളുടെയും നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കാലാവസ്ഥയും മണ്ണ് ഉൾപ്പെടെയുള്ള നിർമാണവസ്തുക്കളുടെ ലഭ്യതയും അനുകൂല ഘടകമായിരുന്നു.
കഴക്കൂട്ടം-കന്യാകുമാരി റോഡിൽ കേരള അതിർത്തിയിൽ കാരോട് നിന്ന് കന്യാകുമാരി വരെ 54 കിലോമീറ്റർ ദൂരത്താണ് നാലുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നത്. 2017-ൽ 3000 കോടിയുടെ എസ്റ്റിമേറ്റിലാണ് നിർമാണം ആരംഭിച്ചത്. 2022 മാർച്ചിൽ റോഡിന്റെ നിർമാണം പൂർണമായും നിർത്തിവെച്ചു. കല്ലും മണ്ണും കിട്ടാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് ജോലി ഏറ്റെടുത്ത കമ്പനി നിർമാണത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഒരു വർഷത്തിനുശേഷം 1041 കോടി രൂപയുടെ മറ്റൊരു ടെൻഡറിൽ നിർമാണം വീണ്ടും ആരംഭിച്ചു. 23 പാലങ്ങളാണ് പ്രധാനമായും പൂർത്തിയാകേണ്ടത്. ഇവയിൽ നാഗർകോവിലിന് സമീപം പുത്തേരിക്കുളത്തിനു മുകളിൽ അരക്കിലോമീറ്ററോളം ദൂരമുള്ള നീളമേറിയ പാലത്തിന്റെ നിർമാണം പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. തിരുനെൽവേലിയിൽ പാറക്കല്ലും മണ്ണും കൊണ്ടുവരുന്നതിനുള്ള പരിശോധനയും നിയന്ത്രണവും റോഡ് നിർമാണത്തിന് തടസ്സമാകുന്നതായി ദേശീയപാത അതോറിറ്റി അധികൃതർ ആരോപിച്ചിരുന്നു.
നാഗർകോവിലിൽനിന്ന് കന്യാകുമാരിയിലേക്കും തിരുനെൽവേലിയിലേക്കും രണ്ടു റോഡുകളുടെ നിർമാണമാണ് നടന്നത്. തിരുനെൽവേലി റൂട്ടിൽ കാവൽക്കിണർ വരെയുള്ള നാലുവരിപ്പാതയുടെ നിർമാണം 2022-ൽ പൂർത്തിയായി. ഇതുവഴി വാഹനഗതാഗതവുമുണ്ട്. നാഗർകോവിലിന്റെ നഗരാതിർത്തിക്ക് പുറത്ത് അപ്ടാ മാർക്കറ്റിൽ നിന്നാണ് കന്യാകുമാരിയിലേക്കുള്ള പാത തുടങ്ങുന്നത്. ഇവിടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. നിരവധി കുളങ്ങളും കൃഷിയിടങ്ങളുമുള്ള ജില്ലയിലെ വടക്കൻ ജനവാസമേഖലയിലെ നിർമാണമാണ് ഇഴഞ്ഞുനീങ്ങിയത്.
80 ശതമാനത്തോളം ജോലികൾ പൂർത്തിയായെന്നും പലയിടത്തും പുതിയ റോഡിലൂടെ വാഹനഗതാഗതം നടക്കുന്നതായും എൻ.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടർ സച്ചിൻകുമാർ അറിയിച്ചു. ജൂണിൽ തന്നെ ഉദ്ഘാടനം നടന്നേക്കും. റോഡിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നത്.
