പോത്തൻകോട് : ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പഞ്ചായത്തിലെ ഇടത്തറ വാർഡിലെ പോത്തൻകോട്-അണ്ടൂർക്കോണം റോഡിൽ അരിയോട്ടുകോണം ജങ്ഷനു സമീപം സ്ഥാപിച്ചിരിക്കുന്ന ചെറുകിട ശേഖരണകേന്ദ്രം ഇപ്പോൾ പൂട്ടിയ നിലയിലാണ്.
ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യം റോഡിനോടു ചേർന്ന് വലിച്ചെറിയപ്പെട്ട നിലയിലാണ്. ഈ ഭാഗം വളവായതിനാൽ തന്നെ ഇതുവഴി പോകുന്ന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടാകുന്നുണ്ട്.
ഈ മാലിന്യം പുറത്തു കിടക്കുന്നതുകൊണ്ട് തന്നെ സമീപത്തെ പഞ്ചായത്തുകളിൽ നിന്നും കോർപ്പറേഷൻ വാർഡുകളിൽ നിന്നും മാലിന്യം ഇവിടെ കൊണ്ട് തള്ളുന്നതായി നാട്ടുകാരും പറയുന്നു.
വാർഡുകളിലെ ഓരോ വീട്ടിൽ നിന്നും ഹരിത കർമസേനയാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഓരോ മാസവും ശുചിത്വ കേരള മിഷന്റെ വാഹനമെത്തി ശേഖരിച്ചു വച്ചിരിക്കുന്ന മാലിന്യം കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. എന്നാൽ ശുചിത്വമിഷൻ മാലിന്യം ഏറ്റെടുക്കാതെയായതോടെ മാലിന്യ സംഭരണകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞുകഴിഞ്ഞു.
പഞ്ചായത്തിലെ പല സ്ഥലങ്ങളിലും വീടുകളിലും ഇതിപ്പോൾ കാണാൻ സാധിക്കും. ഓരോ വീട്ടിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപയാണ് ഹരിത കർമസേനയ്ക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ അഞ്ചു ലക്ഷത്തോളം രൂപ ഇവർക്ക് വരുമാനവും ലഭിച്ചു. എന്നാൽ സംഭരണകേന്ദ്രങ്ങളിൽ നിന്നും മാലിന്യം മാറ്റാത്തതു നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കു ഇടവരുത്തിയിട്ടുണ്ട്. വാർഡുകളിൽനിന്നും ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യം വീടുകൾക്ക് സമീപവും ശേഖരിച്ചുവച്ചിട്ടുണ്ട്.
ഇതു വീട്ടുകാർക്കും ഇപ്പോൾ ബുദ്ധിമുട്ടുണ്ടായിരിക്കുകയാണ്. സമയാ സമയങ്ങളിൽ മാലിന്യം മാറ്റാത്തതിനാൽ ഇത് ഇഴജന്തുക്കളുടെയും താവളമായിരിക്കുകയാണ്. ശേഖരിച്ചുവച്ചിരിക്കുന്ന മാലിന്യം തെരുവുനായ്ക്കളെത്തി കടിച്ചു കീറുന്നതും പതിവു കാഴ്ചയാണ്.
ശുചിത്വകേരള മിഷൻ പഞ്ചായത്തിൽ നിന്നും അജൈവമാലിന്യം കൊണ്ടുപോയിട്ട് മാസങ്ങളായി. കൃത്യമായ ഇടവേളകളിൽ മാലിന്യം കൊണ്ടു പോയില്ലെങ്കിൽ മാലിന്യം ശേഖരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കും.
ശേഖരിക്കുന്ന മാലിന്യം മുഴുവനായും ഇപ്പോൾ കൊണ്ടുപോകാൻ കഴിയുന്നില്ല. വീടുകളിൽ നിന്നും എല്ലാ മാലിന്യവും ഒരുമിച്ചാണ് ശേഖരിച്ച് വച്ചിരുന്നത്. ഇത് തരംതിരിച്ച് മാത്രമേ ശുചിത്വ കേരള മിഷനെ ഏൽപ്പിക്കാൻ കഴിയൂ. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം എത്രയും പെട്ടെന്നു തന്നെ മാറ്റിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ പറഞ്ഞു.
