“
'നമ്മുടെ കേരളം സ്ത്രീപക്ഷ കേരളം' എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ജോയിൻ്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച "ഹാപ്പി വിമെൻ വനിതാ കൂട്ടായ്മ"യുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ വനിതാ കമ്മിറ്റി വികാസ്ഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി സിവിൽ സർവീസിലെ വനിതാ ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പത്രപ്രവർത്തകയും മുൻ പി.എസ്.സി അംഗവുമായ ആർ.പാർവതീദേവി "ഹാപ്പി വിമെൻ വനിതാകൂട്ടായ്മ" ഉദ്ഘാടനം ചെയ്തു. 'മാറു മറയ്ക്കൽ' സമരത്തിലൂടെ ജീവത്യാഗം ചെയ്ത നങ്ങേലി എന്ന സ്ത്രീരത്നത്തെ അനുസ്മരിച്ചുകൊണ്ട് സ്ത്രീപക്ഷ തുല്യതാ നിലപാടുകൾക്ക് വർത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
മുഖ്യാതിഥിയായി പങ്കെടുത്ത കവയത്രി ഷൈന കൈരളി കുമാരനാശാൻ്റെ കവിതകൾ ഉൾപ്പെടുത്തി മുഖ്യപ്രഭാഷണം നടത്തി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിതയുടെ നേതൃത്വത്തിൽ വനിതകൾ മൺചിരാതുകൾ തെളിയിച്ച് വനിതാദിന പ്രതിജ്ഞചൊല്ലി. "നന്മ സാംസ്കാരിക വേദി"യിലെ കലാകാരികളുടെ നൃത്ത-നൃത്യങ്ങളും ഗാനാലാപനവും വനിതാ ദിനാചരണ പരിപാടികളുടെ മാറ്റുകൂട്ടി.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.സിന്ധു, സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന എന്നിവർ പങ്കെടുത്തു. നോർത്ത് ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് എൻ.റസിയ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ സെക്രട്ടറി എം.മഞ്ചുകുമാരി സ്വാഗതവും വികാസ്ഭവൻ മേഖല വനിതാ കമ്മിറ്റി സെക്രട്ടറിയും എഴുത്തുകാരിയുമായ ശ്രീജ വി.എസ് നന്ദിയും പറഞ്ഞു.
ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, പ്രസിഡന്റ് ആർ.എസ് സജീവ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ശരത്ചന്ദ്രൻ നായർ,അജി പി.എസ്, വികാസ് ഭവൻ മേഖലാ സെക്രട്ടറി സുശീലൻ കുന്നത്തുകാൽ, പ്രസിഡന്റ് എസ്.ഗോപകുമാരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

