അണ്ടൂർക്കോണം പഞ്ചായത്തിന്റെയും മംഗലപുരം പഞ്ചായത്തിന്റെയും അതിർത്തിയിൽ എൻ എച് നോട് ചേർന്ന് സി ആർ പി എഫ്-കുറക്കോട് ഭാഗത്ത് നിർദ്ദിഷ്ട ടെക്നോസിറ്റി പ്രദേശത്ത് നിർമ്മാണം പുരോഗമിക്കുന്ന കമ്പനിക്ക് വേണ്ടി നടക്കുന്ന പൈലിങ്ങിൽ നിന്ന് പുറത്തേക്ക് വരുന്ന അഴുക്കും ചെളിയും മലിനജലവും കമ്പനി മേഖലയിൽ നിന്നും ജനവാസ കുടിവെള്ള സ്രോതസ്സുകളിലേക്കും തോടുകളിലേക്കും ദിവസങ്ങളായി ഒഴുക്കിവിടുന്നു.
തൊട്ടടുത്ത പ്രദേശമായ കരിച്ചാറ – അപ്പോള എന്നിവിടങ്ങളിൽ സാധാരണക്കാരായ പൊതുജനങ്ങൾ കുളിക്കാനും അനുബന്ധ സംവിധാനങ്ങൾക്കും ഉപയോഗിക്കുന്ന ചെറിയ ( ചെറുകായൽക്കര )കൈത്തോടുകളിലേക്ക് ഒഴുക്കിവിടുന്നതിനാൽ നാട്ടുകാർ വളരെയധികം പ്രയാസപ്പെടുന്നു.
ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം പോലും ലഭിക്കുന്നില്ല.
ആകെ ആശ്രയിക്കുന്ന നീരുറവകളും കമ്പനിയുടെ പ്രവർത്തി കാരണം ഉപയോഗശൂന്യമാകുന്നു. ഈ മലിനജലം ഉപയോഗിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ.
കോൺഗ്രസിന്റെ ഭാരവാഹികളായ എസ്. കെ. സുജി, കരിച്ചാറ ഷിബു, അരുൺ, ദിനേശ് , ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിർമ്മാണ സ്ഥലത്ത് എത്തി പ്രതിഷേധം രേഖപ്പെടുത്തുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താമെന്ന് കമ്പനി ഉദ്യോഗസ്ഥർ ഉറപ്പുതരുകയും ചെയ്തു.
പ്രസ്തുത ഉറപ്പ് കമ്പനി ലംഘിക്കുകയാണെങ്കിൽ അടിയന്തര സമര പരിപാടികൾ ആരംഭിക്കുവാനും തീരുമാനിച്ചു.
ഞങ്ങൾ ആരും വികസനത്തിന് എതിരല്ല. വികസനത്തിനോടൊപ്പം തന്നെ സാധാരണക്കാരുടെ ജീവിതങ്ങളും സംരക്ഷിക്കപ്പെടണം.
