“ധാർമിക ശിക്ഷണം കരുതലിന് കൈകോർക്കാം” എന്ന പ്രമേയവുമായി കെ.എൻ.എം മദ്രസ വിദ്യാഭ്യാസ ബോർഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന “മിഹ്റജാനുദ്ദിറാസി” മദ്രസ പ്രവേശന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ മദ്രസകളിൽ നടന്ന പ്രവേശനോത്സവം വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും വർദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി സി.പി ജോൺ തിരുവനന്തപുരം ബീമാപള്ളി സലഫി മദ്രസയിൽ നിർവഹിച്ചു. കേരള നദുവത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന കൗൺസിലർ മുഹമ്മദ് ഷെരീഫ്, ജില്ലാ പ്രസിഡൻ്റ് കല്ലമ്പലം യഹിയ, ജില്ലാ സെക്രട്ടറി അൽ അമീൻ ബീമാപള്ളി, ജില്ലാ ഉപാധ്യക്ഷൻമാരായ എസ്.അബ്ദുൽ ഹക്കീം പരുത്തിക്കുഴി, നേമം മുബീൻ തുടങ്ങിയവർ പ്രസംഗിച്ചു.
കല്ലമ്പലം മദ്രസത്തു സലഫിയയിൽ സംഘടിപ്പിച്ച പ്രവേശനോത്സവം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.ജെ ജിഹാദ് ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ പ്രസിഡൻ്റ് യഹിയ കല്ലമ്പലം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അൽഅമീൻ ബീമാപള്ളി മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം ജില്ലാ ദഅവ ചെയർമാൻ സക്കീർ ഹുസൈൻ നഗരൂർ, മദ്രസ സ്വദർ മുദരിസ് അൻസാരി വടശ്ശേരിക്കോണം സജീർ കല്ലമ്പലം എന്നിവർ സംബന്ധിച്ചു.
വർക്കല-ഓടയം നദുവത്തുൽ മുസ്ലിമീൻ മദ്രസയിൽ എൻ.എം.ഒ ട്രഷറർ എം.താഹിർകുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മദ്രസ പ്രധാനാധ്യാപകൻ സുൽഫി സ്വലാഹി അധ്യക്ഷത വഹിച്ചു. മദ്രസ അധ്യാപിക സമീഹ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
മദ്രസ സദർ മുഅല്ലിം സുൽഫി സ്വലാഹി സൈബർ സുരക്ഷ-ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി അബ്ദുൽ റഹ്മാൻ, അബ്ദുൽ നിസാർ, മുഹമ്മദ് ബഷാർ, അധ്യാപകരായ സാഫിറ ഫവാസ്, ഹനീൻ ബുസ്താനി തുടങ്ങിയവർ സംസാരിച്ചു. മദ്രസ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും പഠനോപകരണങ്ങളും സദർ മുഅല്ലിം സുൽഫി സ്വലാഹിക്ക് മദ്രസ കോർഡിനേറ്റർ അബ്ദുൽ നസീർ ചടങ്ങിൽ കൈമാറി.
ബാലരാമപുരം, വെമ്പായം, നെടുമങ്ങാട്, തൊളിക്കോട്, നഗരൂർ, കാവുംമൂല, കണിയാപുരം, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ സലഫി മദ്രസകളിലും പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാ-കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും വിവിധ മദ്രസകളിൽ നടന്ന “മിഹ്റജാനുദ്ദിറാസി” പരിപാടികളിൽ അനുമോദിച്ചു. മദ്രസ പ്രവേശനോത്സവ ചടങ്ങുകളിൽ മദ്രസ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ-ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.


