ശാസ്തവട്ടം: മംഗലപുരം പോലീസിന് ഐക്യദാർഢ്യവുമായി സഹൃദയ റെസിഡന്റ്സ് അസോസിയേഷൻ
കേരള സർക്കാർ നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് (ഓപ്പറേഷൻ തൂഫാൻ) പൂർണ്ണ പിന്തുണയുമായി ശാസ്തവട്ടം സഹൃദയ റെസിഡന്റ്സ് അസോസിയേഷൻ രംഗത്ത്. ലഹരി മാഫിയകൾക്കെതിരെ മംഗലപുരം പോലീസ് നടത്തിവരുന്ന കർശന നടപടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസോസിയേഷൻ ഭാരവാഹികൾ മംഗലപുരം പോലീസ് സ്റ്റേഷനിലെത്തി പിന്തുണ അറിയിച്ചു.
മയക്കുമരുന്ന് വിമുക്തമായ ഒരു സാമൂഹിക അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ശാസ്തവട്ടത്തെ യുവജനങ്ങളെയും അസോസിയേഷൻ പ്രവർത്തകരെയും വാർഡ് മെമ്പർമാരെയും പോലീസിനെയും ഉൾപ്പെടുത്തി ഒരു ‘ജാഗ്രതാ സമിതി’ (Vigilance Committee) രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി റെസിഡൻസ് മേഖലകളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
മംഗലപുരം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ. ചന്ദ്രസേനൻ, ജനറൽ സെക്രട്ടറി രാജു ആനന്ദൻ, ട്രഷറർ ചന്ദ്രശേഖരൻ നായർ, വാർഡ് മെമ്പർ ബീന, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ലളിതാംബിക എന്നിവർ പങ്കെടുത്തു. മംഗലപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തുകയും തുടർനടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.
