തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹിക ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനങ്ങളോട് സർക്കാർ നൽകിയ വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നും പെൻഷൻ വിതരണം മുടക്കമില്ലാതെ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് അവതരണത്തിന്മേലുള്ള പൊതുചർച്ചയ്ക്കിടെ നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടായിരിക്കും ക്ഷേമപെൻഷൻ വർധന നടപ്പാക്കുകയെങ്കിലും, ഇക്കാര്യത്തിൽ സർക്കാർ പ്രതിബദ്ധതയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘അർഹരായ പലയാളുകളും പുറത്ത് നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടത്. ഗുണഭോക്താക്കളുടെ കാര്യത്തിൽ അവശ്യമായ പരിശോധന നടത്തും. ലോസ് ആഞ്ചലസിൽ ഉള്ളയാൾ വിളിച്ച് തനിക്ക് പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. അർഹരായ ചിലർ പട്ടികക്ക് പുറത്തും അനർഹർ പട്ടികക്കകത്തുമുള്ളത് പരിശോധിക്കും’. മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായി. യുഡിഎഫ് അധികാരത്തിലേറിയതിന് പിന്നാലെ സർക്കാർ ആശുപത്രികൾ പൂട്ടിപ്പോകുമെന്നത് വിചിത്രമായ വാദമാണെന്നും യാതൊരു കാരണവശാലും ഇത്തരം വാദങ്ങൾ അംഗീകരിച്ചുനൽകാനാകില്ലെന്നും സതീശൻ പറഞ്ഞു.
‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സ്വകാര്യ, സർക്കാർ ആശുപത്രികളെ പങ്കാളികളാക്കും. സർക്കാർ എത്ര തുക പ്രീമിയമായി അടക്കുമെന്നത് കരാറിൽ ഏർപ്പെടുമ്പോഴാണ് തീരുമാനിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിലേറിയിട്ട് രണ്ട് മാസമല്ലേ ആയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രണ്ട് ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമേ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പാക്കൂ’. മുഖ്യമന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിയിലെ സ്ത്രീ സൌജന്യ യാത്രാ പദ്ധതിക്കെതിരായ ആരോപണങ്ങളിലും മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായി. സംസ്ഥാനത്തെ ഓർഡിനറി ബസുകൾ ഫാസ്റ്റാക്കി മാറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം കള്ള പ്രചാരണമാണെന്നും വിഷയം പ്രതിപക്ഷ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൽ പ്രതിഷേധം അറിയിക്കുന്നെന്നും സതീശൻ പറഞ്ഞു. യു. പ്രദീപ് എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അതേസമയം, ഓർഡിനറി ഫാസ്റ്റാക്കി മാറ്റിയ ഏതെങ്കിലും സംഭവമുണ്ടെങ്കിൽ എഴുതിത്തരണമെന്നും പരിശോധിക്കാമെന്നും പ്രദീപിന് ഗതാഗതമന്ത്രി സി.പി ജോൺ മറുപടി നൽകി.
അതേസമയം തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ക്ഷേമപെൻഷൻ വർധന യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും, ജനങ്ങളുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും സർക്കാർ പരമപ്രാധാന്യം നൽകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
