‘
വർക്കല: പരസ്പര സ്നേഹവും സൗഹാർദ്ദവും നിലനിർത്താൻ ഭിന്നിപ്പിന്റെ സ്വരങ്ങൾ അവസാനിപ്പിക്കണമെന്നും വിഭാഗീയതയില്ലാതെ സമുദായത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഐക്യം വർത്തമാന കാലഘട്ടത്തിൽ അനിവാര്യമാണെന്നും വർക്കല ജാമിഅഃ മന്നാനിയ്യ പ്രിൻസിപ്പൽ സയ്യിദ് മുസ്തഫ ഹസ്രത്ത് അഭിപ്രായപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ രണ്ടാം ദിവസമായ ഞായറാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇമാം ബുഖാരി(റ) ഈ വിഷയത്തിൽ പ്രത്യേക അധ്യായം തന്നെ നിശ്ചയിച്ചു കൊണ്ടാണ് “സമുദായ ഐക്യം” എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യർക്കിടയിൽ അനാവശ്യ തർക്കങ്ങൾ വലിച്ചിടുന്നത് അല്ലാഹുവിൻ്റെ തിരുനോട്ടങ്ങൾക്ക് വരെ തടസ്സമാകുമെന്നും, അനുഷ്ഠാനങ്ങളും സൽകർമ്മങ്ങളും പോലും അതിൻ്റെ ആധ്യാത്മിക മൂല്യങ്ങൾ നശിച്ച് നിഷ്പ്രഭമാകുകയും ചെയ്യും. സമുദായത്തിന്റെ വീറും ശക്തിയും ചോർന്നുപോകുന്ന അത്തരം പ്രവണതകൾ വളരെ ഗൗരവമായി കാണണമെന്നും ഹസ്രത്ത് ഉദ്ബോധിപ്പിച്ചു.
രാജ്യ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ശത്രുക്കൾ സമുദായത്തിനെതിരെ നീങ്ങുമ്പോൾ നാം നമ്മിൽ തന്നെ അതിൻ്റെ കാരണങ്ങൾ അന്വേഷിക്കണമെന്നും ആത്മീയ മുന്നേറ്റത്തിൽ അച്ചടക്കം സൂക്ഷിക്കണമെന്നും സയ്യിദ് മുസ്തഫ ഹസ്റത്ത് കൂട്ടിച്ചേർത്തു.
ബുഖാരി മജ്ലിസിന്റെ മൂന്നാം ദിവസമായ ജൂലൈ 20,തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ പ്രൊഫ.വി.ഷംസുദ്ദീൻ മൗലവി പ്രഭാഷണം നടത്തും.
