വർക്കല: സ്രഷ്ടാവായ അല്ലാഹു മനുഷ്യന് കനിഞ്ഞുനൽകിയിട്ടുള്ള കോടാനുകോടി അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ആർക്കും സാധ്യമല്ലെന്നും ആ അനുഗ്രഹങ്ങളെ ഓർക്കുന്നവരും നന്ദിയുള്ളവരുമായി വാഴുകയെന്നതാണ് നമ്മുടെ ബാധ്യതയെന്നും ചെറുകുന്നം ജുമുഅ: മസ്ജിദ് ചീഫ് ഇമാമും ഡി.കെ.ജെ.യു വർക്കല മേഖലാ പ്രസിഡന്റുമായ അബ്ദുൽ ഹക്കീം മൗലവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ വർക്കല ജാമിഅഃ മന്നാനിയ്യ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ പതിനെട്ടാം ദിവസമായ ചൊവ്വാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവായ അല്ലാഹു
മനുഷ്യർക്ക് നൽകികൊണ്ടിരിക്കുന്ന ചെറുതും വലുതുമായ ഓരോ അനുഗ്രഹങ്ങളെയും തിരിച്ചറിഞ്ഞ്, കൃതജ്ഞതയോടെ നന്ദി രേഖപ്പെടുത്തുമ്പോൾ മാത്രമാണ് അല്ലാഹു കൂടുതൽ അനുഗ്രഹങ്ങൾ നൽകി നമ്മെ അനുഗ്രഹിക്കുന്നത്.
സർവ്വാനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരായി ജീവിക്കുന്നതോടൊപ്പം തന്നെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവഭക്തിയും സൂക്ഷ്മതയും പൂർണ്ണമായി പാലിച്ച് മുന്നോട്ടു പോകാൻ ഓരോ സത്യവിശ്വാസിയും തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പ്രവാചകാധ്യാപനങ്ങളിൽ ആകൃഷ്ടനായ അബൂ ദുജാന എന്ന സ്വഹാബി തന്റെ വീടിനോട് ചേർന്നുള്ള അന്യന്റെ ഈത്തപ്പനയിൽ നിന്നും മുറ്റത്തേക്ക് കൊഴിഞ്ഞു വീഴുന്ന ഈത്തപ്പഴങ്ങൾ സ്വന്തം കുഞ്ഞുങ്ങൾ കഴിച്ചു പോകുന്നതിന് മുമ്പ് അതിന്റെ ഉടമസ്ഥന് പെറുക്കി എല്പിക്കാൻ പ്രഭാത നമസ്കാരം കഴിഞ്ഞ് ധൃതിപിടിച്ച് പോകുന്നത് കണ്ട പ്രവാചകൻ അദ്ദേഹത്തെ ആശീർവദിച്ച സംഭവം ആസ്പദമാക്കി അന്യന്റെ മുതലുകൾ നമ്മുടെയുള്ളിൽ പോകാതെ സൂക്ഷിക്കേണ്ട ആവശ്യം അബ്ദുൽ ഹക്കീം മൗലവി വിശദീകരിച്ചു.
ബുഖാരി മജ്ലിസിന്റെ പത്തൊൻപതാം ദിവസമായ ഓഗസ്റ്റ് 5, ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കാട്ടാക്കട താലൂക്ക് അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് എസ്.എച്ച് ത്വാഹിർ മൗലവി പ്രഭാഷണം നടത്തും.
