‘
വർക്കല : മതവിജ്ഞാനങ്ങൾ അതിന്റെ ആധികാരിക സ്രോതസ്സിൽ നിന്ന് തന്നെ കണ്ടെത്തണമെന്നും എന്ത് ത്യാഗം ചെയ്തും അത് സംരക്ഷിക്കണമെന്നും ജാമിഅഃ മന്നാനിയ്യ പ്രൊഫസർ വി.എ ശംസുദ്ദീൻ മൗലവി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യായിൽ നടന്നുവരുന്ന ബുഖാരി മജ്ലിസിന്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇമാം ബുഖാരി(റ) ഉൾപ്പെടെയുള്ള മഹാരഥന്മാരായ പണ്ഡിതന്മാരുടെ ത്യാഗോജ്ജ്വല പരിശ്രമങ്ങൾ ഈ വഴിയിൽ അർപ്പിച്ചിട്ടുള്ളത് സമുദായം നന്ദിയോടെ സ്മരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പരിശുദ്ധ ഖുർആൻ പോലെ തന്നെ ഹദീസിനെയും സുസ്ഥിരവും ആധികാരികവുമായി നിലനിർത്തിയിട്ടുള്ളത് തുല്യതയില്ലാത്ത പരിശ്രമങ്ങളിലൂടെയാണെന്നും ചരിത്രസംഭവങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വിഷയം സംബന്ധിച്ച് പ്രത്യേക അധ്യായങ്ങൾ തന്നെ നിശ്ചയിച്ചുകൊണ്ടാണ് ഇമാം ബുഖാരി(റ) സമൂഹത്തെ തെര്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്റെ ആത്മീയ മോക്ഷത്തിനുള്ള മാർഗ്ഗങ്ങൾ കൃത്യമായി മുഹമ്മദ് നബി (സ)യുടെ തിരു ഹൃദയത്തിലേക്കാണ് അല്ലാഹു ദിവ്യബോധനം മുഖേന അറിയിച്ചതെന്നും അത് സസൂക്ഷ്മം റിപ്പോർട്ട് ചെയ്യുന്നതിന് നാളിതുവരെയുള്ള ഇസ്ലാമിക പണ്ഡിതന്മാർ സമ്പൂർണ്ണമായും വിജയിച്ചിട്ടുള്ളത് ചരിത്ര സത്യമാണെന്നും പ്രൊഫ. വി.എ ശംസുദ്ദീൻ മൗലവി കൂട്ടിച്ചേർത്തു.
ബുഖാരി മജ്ലിസിന്റെ നാലാം ദിവസമായ ജൂലൈ 21 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ബുഖാരി ഹാളിൽ പ്രൊഫ. പുലിപ്പാറ എം. സുലൈമാൻ മൗലവി പ്രഭാഷണം നടത്തും.

