വർക്കല: ആദ്യശ്വാസത്തിന്റെ കടന്നുവരവു മുതൽ അവസാന ശ്വാസത്തിന്റെ വിടവാങ്ങൽ വരെ സ്രഷ്ടാവായ അല്ലാഹുവിൻ്റെ സ്മരണയിലായി കഴിഞ്ഞ്കൂടാൻ മനുഷ്യൻ ശ്രദ്ധിക്കണമെന്ന് മന്നാനീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസിമുദ്ദീൻ മന്നാനി അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅ: മന്നാനിയ്യാ കാമ്പസ്സിൽ നടക്കുന്ന ബുഖാരി മജ്ലിസിൽ ആറാം ദിവസമായ വ്യാഴാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേവലമായ ബാഹ്യകർമ്മങ്ങളുടെ വലിപ്പം നോക്കിയല്ല, മറിച്ച് ഹൃദയത്തിൽ ഉറച്ചുനിൽക്കുന്ന ഈമാനിന്റെയും ആത്മാർത്ഥതയുടെയും അളവുകോൽ വെച്ചാണ് അല്ലാഹു പ്രതിഫലങ്ങൾ ചൊരിയുന്നതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സന്തോഷങ്ങളുടെ പുഞ്ചിരികൾ മാത്രമോ സങ്കടങ്ങളുടെ കണ്ണീർപ്പൂക്കൾ മാത്രമോ ഉള്ളതല്ല ഈ ഐഹികജീവിതം; മറിച്ച് സുഖദുഃഖങ്ങൾ ഇടകലർന്ന ദൈവീക പരീക്ഷണങ്ങളുടെ വിശാലമായ തീർത്ഥാടനമാണെന്നും നാസിമുദ്ദീൻ മന്നാനി കൂട്ടിച്ചേർത്തു.
അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ മഗ്ഫിറത്തിനായി ബുഖാരി മജ്ലിസിൽ പ്രത്യേക പ്രാർത്ഥന നടത്തി.
ബുഖാരി മജ്ലിസിന്റെ ഏഴാം ദിവസമായ ജൂലൈ 24, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മന്നാനിയ്യ ബുഖാരി ഹാളിൽ കാട്ടുചന്ത ജുമാ:മസ്ജിദ് ചീഫ് ഇമാം വെമ്പായം തൻസീർ മന്നാനി പ്രഭാഷണം നടത്തും.
