ആറ്റിങ്ങൽ: നഗരസഭ വാർഡ് 19 ചുടുകാട് അജി നിവാസിൽ വൈരമുത്തു (42) കൊവിഡ് ബാധിച്ച് മരിച്ചു. കരൾ രോഗി കൂടിയായിരുന്ന ഇയാൾ സ്വവസതിയിൽ കാലങ്ങളായി കിടപ്പിലായിരുന്നു. കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ മാസം 20 ന് ഇയാളെ പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അന്നേ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾക്ക് ഇന്ന് രോഗം മൂർച്ചിക്കുകയും രാവിലെ 9.30 ഓടെ മരിക്കുകയും ആയിരുന്നു.
നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശാനുസരണം വാർഡ് കൗൺസിലറും വോളന്റിയർ ബ്രിഗേഡുമായ വി.എസ്.നിതിൻ നടപടികൾ പൂർത്തിയാക്കി ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.
നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 40-ാം കൊവിഡ് മരണമാണിത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
