ചിറയിൻകീഴ്, പെരുങ്ങുഴി, ചല്ലിമുക്ക് വയൽതിട്ട വീട്ടിൽ സജി (43) യുടെ ആകസ്മിക മരണം പോലീസ് മർദ്ദനം മൂലമാണെന്നുള്ള ബന്ധുക്കളുടെ ആരോപണം അന്വഷിച്ച് നിജസ്ഥിതി പുറത്ത് കൊണ്ടു വരണമെന്ന് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രവർത്തകനായ മരണമടഞ്ഞ സജിയുടെ വീട്ടിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും, ജനപ്രതിനിധികളും സന്ദർശിച്ച്, കുടുംബത്തിനൊപ്പം പാർട്ടി നിലകൊള്ളുമെന്നും, മകൻ്റെ തുടർ പഠന ചെലവ് പാർട്ടി ഏറ്റെടുക്കുമെന്നും അറിയിച്ചു. കൂടാതെ സജിയുടെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് താല്ക്കാലിക സർക്കാർ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ഉറപ്പ് നൽകി.
ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താനും കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെടാനും ആഭ്യന്തരമന്ത്രിക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
അഡ്വ. എസ് കൃഷ്ണകുമാറിനൊപ്പം മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, പഞ്ചായത്തംഗങ്ങളായ ബി.സുധർമ്മ, കെ. ഓമന, രഞ്ജിത്ത് പെരുങ്ങുഴി നേതാക്കളായ എസ്. ജി അനിൽകുമാർ, ജയ സജിത്ത്, എം. ഷാബുജാൻ, രാജൻ കൃഷ്ണപുരം, അഴൂർ സന്തോഷ്, ജനകലത വി തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.


