ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെന്റിനിയൽ സർവ്വെയിൽ വിവിധ വാർഡുകളിലുള്ള 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭ 6, 7, 8, 9, 10 വാർഡുകളിലുള്ള 63 പേരെയാണ് ആന്റിജൻ ടെസ്റ്റിന് വിധേയരാക്കിയത്. ഇതിൽ വാർഡ് 6 ൽ 3 പേരും, വാർഡ് 7 ൽ 1 ആളും, വാർഡ് 9 ൽ 3 പേരും, വാർഡ് 10 ൽ 2 പേർക്കുമാണ് വൈറസ് ബാധിച്ചത്. തുടർരോഗം ബാധിച്ച 3 പേരും , പ്രാഥമിക സമ്പർക്കം വഴി രോഗം ബാധിച്ച 4 പേരും, രോഗ ഉറവിടമറിയാത്തതായ രോഗികൾ 2 പേരുമാണ്. രോഗം സ്ഥിരീകരിച്ച 9 പേരെയും ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചവർ 17 ദിവസവും, പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർ 14 ദിവസവും നിരീക്ഷണത്തിൽ കഴിയണം. ഇതിൽ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ 5 മുതൽ 7 ദിവസത്തിനുള്ളിൽ സ്രവ പരിശോധനക്ക് വിധേയരാവണം. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കണം. ഫലം പോസിറ്റീവാണെങ്കിൽ രോഗം സ്ഥിരീകരിച്ച ദിവസം മുതൽ 17 ദിവസം കർശന നിരീക്ഷണത്തിൽ കഴിയണമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
അവനവഞ്ചേരി ഗ്രാമ സമൂഹം ഹാളിൽ വച്ച് നടന്ന പരിശോധന ക്യാമ്പിൽ ജില്ലാ ആരോഗ്യ വിഭാഗത്തോടൊപ്പം കൗൺസിലർ കെ.പി.രാജഗോപാലൻ പോറ്റി, ആശാവർക്കർ നിത്യ, സിന്ധു, തുളസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നഗരസഭ ശുചീകരണ വിഭാഗം ഹാളും പരിസരവും അണുവിമുക്തമാക്കി.
