പെരുമാതുറ : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ കർശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് തിരുമാനമായി. തിരുമാനപ്രകാരം ഹാർബറിൽ കോവിഡ് ഒരു ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് പരിശോധന നെഗറ്റീവ് ആയ തൊഴിലാളികൾക്കും ജീവനക്കാർക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. ഓരോ ദിവസവും 50 ശതമാനം തൊഴിലാളികൾക്കാണ് ഹാർബറിൽ പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഇത്തരത്തിൽ എത്തുന്ന തൊഴിലാളികൾ അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിൽ എത്തി പേര് സ്ഥലവും രജിസ്ട്രർ ചെയ്യണം.മത്സ്യം കൊണ്ട് പോകാൻ എത്തുന്ന വാഹനങ്ങൾ ഹാർബറിന് പുറത്ത് പാർക്ക് ചെയ്യും. മത്സ്യം വാങ്ങിയശേഷമാകും ഹാർബറിനുള്ളിൽ വാഹനം പ്രവേശിപ്പിക്കുക, മത്സ്യ തൊഴിലാളികൾക്കും മൊത്തവ്യാപാരികൾക്കും ചെറുകിട വ്യാപാരികൾക്കും മാത്രമേ ഫിഷ് ലാൻറിംഗ് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജൂൺ 23 ബുധനാഴ്ച പുനപരിശോധിക്കാനും തിരുമാനമായിട്ടുണ്ട്. അതേ സമയം ശനി, ഞായർ ദിവസങ്ങളിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
കോവിഡ് വ്യാപനത്തെ തുടർന്ന് മെയ് 9 തിയതിയാണ് മുതലപ്പൊഴി ഹാർബർ അടച്ചത്. ഇതോടെ ദുരിതത്തിലായ മത്സ്യ തൊഴിലാളികൾക്ക് ഏറേ ആശ്വാസമാണ് തിരുമാനം.
വർക്കല ഡി.വൈ.എസ് പി ബാബു കൂട്ടൻ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, പള്ളി വികാരികൾ, മത്സ്യതൊഴിലാളി പ്രതിനിധികൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
