കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രക്തബാങ്കുകളിൽ രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരള പോലീസും രംഗത്ത്. കേരള പോലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർക്ക് പോൽ – ആപ്പ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാം. രക്തം ആവശ്യമുള്ളവരും ബ്ലഡ് ഗ്രൂപ്പ്, യൂണിറ്റ്, ആശുപത്രി, ബ്ലഡ് ബാങ്ക്, തിയതി എന്നീ വിവരങ്ങൾ നൽകി പോൽ – ബ്ലഡിൽ രജിസ്റ്റർ ചെയ്യണം. രക്തം ആവശ്യപ്പെട്ട് രജിസ്റ്റർ ചെയ്യുന്നവരെ പോലീസ് ബന്ധപ്പെട്ട് രക്ത ലഭ്യത ഉറപ്പാക്കുകയും ചെയ്യും
രക്തദാതാവിനെയും സ്വീകർത്താവിനെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമായാണ് പോൽ – ആപ്പ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോൽ – ആപ്പ് കൺട്രോൾ റൂമാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്
രാജ്യത്ത് ആദ്യമായാണ് ഒരു പോലീസ് സേന രക്തദാനത്തിനായി ഔദ്യോഗിക മൊബൈൽ ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ” കാവലിനൊപ്പം കരുതലും ” എന്ന പൊതുജന സേവനാർത്ഥമാണ് കേരള പോലീസിൻ്റെ പുതിയ സംവിധാനം.സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് പ്രവര്‍ത്തനം ആരംഭിച്ച പോല്‍-ആപ്പ് രാജ്യത്തെ ഏറ്റവും പ്രചാരമുളള പോലീസ് ആപ്പാണ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പോലീസിന്റെ മുപ്പതോളം സേവനങ്ങള്‍ ഈ ആപ്പ് മുഖേന ലഭിക്കും. നിലവില്‍ പോല്‍-ആപ്പിന് മൂന്ന് ലക്ഷത്തോളം ഉപയോക്താക്കളുണ്ട്.
