നെയ്യാറ്റിൻകര ∙ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ ജ്വല്ലറിയിൽ സെയിൽസ്മാനെ തള്ളി മാറ്റി സ്വർണാഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് ജോലാർപെട്ട് സ്വദേശി ബാബറിനെ (42) ജീവനക്കാരും നാട്ടുകാരും ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മിനിയാന്നു നാലരയോടെ മോതിരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. ഒരു മോതിരം നൽകിയപ്പോൾ മറ്റൊരു മോഡൽ ആവശ്യപ്പെട്ടു. അത് എടുക്കുന്നതിനിടെയാണ് സ്വർണാഭരണങ്ങൾ അടങ്ങിയ കവറുമായി രക്ഷപ്പെടാൻ ശ്രമിച്ചത്. കവർന്ന സ്വർണം കണ്ടെടുത്തു. ബെൽറ്റും പഴ്സും വിൽക്കുന്ന സംഘത്തിലെ ആളാണെന്നു പൊലീസ് അറിയിച്ചു.
