നെയ്യാറ്റിൻകര : കോവിഡ് വാക്സീൻ എടുക്കാൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ തിരക്ക്.
ഒപി ടിക്കറ്റ് നൽകുന്നയിടത്തും സാമൂഹിക അകലമില്ലാതെ ജനം.ജനറൽ ആശുപത്രിയിൽ ദിവസവും ശരാശരി 300 പേർക്കു വീതം കോവിഡ് വാക്സീൻ നൽകുന്നുണ്ട്.എന്നാൽ വാക്സീൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം ആയിരത്തിൽ അധികമാണ്. ടോക്കൺ എടുക്കാനായി പുലർച്ചെ നാലര മുതൽ ആൾക്കാരെത്തുന്നുണ്ട്. നീണ്ട കാത്തിരിപ്പിന് ശേഷം രാവിലെ 9ന് ശേഷമാണ് ടോക്കൺ നൽകുന്നത്.മൊബൈൽ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്തവർ ആശുപത്രിയുടെ കൗണ്ടറിൽ നിന്ന് പിന്നെയും ടോക്കൺ എടുക്കണം.ഇക്കാര്യം അറിയാതെ ഓൺലൈൻ ബുക്ക് ചെയ്യുന്നവർ ആശുപത്രിയിൽ എത്തിയ ശേഷം നിരാശയോടെ മടങ്ങും. ഒപിയിൽ ഇന്നലെ പതിവിലധികം തിരക്ക് അനുഭവപ്പെട്ടു.
