തിരുവനന്തപുരം : കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാൻ രാജ്യം മുഴുവൻ വാക്സിനേഷൻ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിനെട്ടു വയസ്സ് മുതൽ നാല്പത്തിയഞ്ച് വയസ്സ് വരെയുള്ള യുവ സമൂഹം വരുന്ന ദിവസങ്ങളിൽ വാക്സിനേഷന്റെ ഭാഗമാകുന്നതിനാൽ വ്യാപകമായ രക്തക്ഷാമമാണ് രാജ്യത്ത് ഉണ്ടാകുവാൻ പോകുന്നത്. വാക്സിനേഷന്റെ ഭാഗമായവർക്ക് ഇരുപത്തിയെട്ട് ദിവസങ്ങൾക്കു ശേഷം മാത്രമാണ് രക്തദാനം ചെയ്യുവാൻ സാധിക്കു എന്ന സാഹചര്യത്തിൽ അതിനെ അതിജീവിക്കാൻ എബിവിപിയുടെ നേതൃത്വത്തിൽ വരുന്ന ദിവസങ്ങളിൽ ‘അതിജീവനത്തിന്റെ കരുതൽ ‘ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ‘നിരാമയ’ എന്ന രക്തദാന ക്യാംപയിനിങ്ങിന് നേതൃത്വം കൊടുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു. വാക്സിനേഷൻ എടുക്കുന്നതിനു മുൻപ് തന്നെ രക്തം ദാനം ചെയ്ത് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുക എന്ന മഹത്തായ സന്ദേശമാണ് നിരാമയ എന്ന രക്തദാന ക്യാംപയിനിങ്ങിലൂടെ എബിവിപി സമൂഹത്തിന് നൽകുന്നത്. രാജ്യം മുഴുവൻ ഇത്തരത്തിലൊരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഒരു ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥി -യുവജന സമൂഹം സംസ്ഥാനത്ത് എബിവിപി യുടെ ഈ രക്തദാന ക്യാംപയിനിന്റെ ഭാഗമാകുമെന്നും, സമൂഹം ഇത്തരത്തിലൊരു വെല്ലുവിളി നേരിടുമ്പോൾ എല്ലാ വിദ്യാർത്ഥി -യുവജന സമൂഹവും കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ രക്തദാന ക്യാംപയിനിങ്ങിന്റെ ഭാഗമാകണമെന്നും അദ്ദേഹം അറിയിച്ചു.
