കോവിഡിൻ്റെ ഒന്നാം ഘട്ടത്തിൽ എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക പൂർണ്ണമായി ചെലവഴിക്കാത്തെ സർക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രിയം കളിക്കുകയാണെന്ന് അടൂർ പ്രകാശ് എം.പി, ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ ആശുപത്രിയിൽ രോഗ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിക്കാത്ത സർക്കാരും ഉദ്യോഗസ്ഥരും ജനവഞ്ചന നടത്തുവെന്നാണ് അടൂർ പ്രകാശ് എം.പി അരോപിക്കുന്നത്.
ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലെ വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, കാട്ടാക്കട എന്നീ നാലു താലൂക്കുകളിലെ അഞ്ചു സർക്കാർ ആശുപത്രികളിൽ രോഗ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി എം.പി ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് 2020 മാർച്ചിൽ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഇതിൽ അന്നത്തെ കളക്ടർ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് മൂലം 2020 ഏപ്രിൽ മാസം ഒമ്പതാം തീയതി വീണ്ടും കത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം 2020 ഏപ്രിൽ മാസം ഇരുപത്തി മൂന്നാം തീയതി ഈ ഫണ്ട് ചെലവഴിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറേ ചുമതലപ്പെടുത്തുകയും മണ്ഡലത്തിലെ നാലു താലൂക്കുകളിലെ 5 സർക്കാർ ആശുപത്രികളിൽ ഈ തുക ഉപയോഗിച്ച് സ്ഥാപിക്കേണ്ട പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക അംഗീകരിച്ച് കളക്റ്റർ ഉത്തരവ് നൽകുകയും ചെയ്തിരുന്നു.
ഉത്തരവ് പ്രകാരം ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റവും ഉൾപ്പെടെ 11,66,199 /-രൂപയും ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ 11,66,199 /- രൂപയും വർക്കല താലൂക്ക് ആശുപത്രിയിൽ ICU വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് 9,76,921/- രൂപയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പോർട്ടബിൾ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8,44,695/- രൂപയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോർട്ടബിൾ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8,44,695/- രൂപയുമാണ് അനുവദിച്ചത്.
ഇതിൽ ചിറയിൻകീഴു താലൂക്ക് ആശുപത്രിയിലും ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിയിലും മാത്രമാണ് ഈ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുകയും പ്രവർത്തനക്ഷമമാക്കുവാൻ കഴിഞ്ഞതെന്നുമാണ് എം.പി പറയുന്നത്.
കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുകയും ജനങ്ങൾ ചികിത്സയ്ക്കും മറ്റ് സൗകര്യങ്ങൾക്കും ഓടി നടക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ പോലും ഈ തുക ചെലവഴിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും എം.പി പറയുന്നു.
അനുവദിച്ച തുക ചെലവഴിക്കുവാൻ പോലും താല്പര്യം കാണിക്കാത്ത സർക്കാരാണ് കോവിഡ് 19 രോഗത്തിന്റെ പേരിൽ ലോകം മുഴുവനും സംഭാവനകൾ സ്വീകരിക്കുവാൻ വിവിധ ചലഞ്ചുകൾ നടത്തെന്നും അദ്ദേഹം പറഞ്ഞു. കളക്ടർ വിളിച്ചുചേർത്ത അവലോകന യോഗത്തിൽ ഈ വിഷയം ചൂണ്ടികാട്ടിയിട്ടും അതിലും തുടർ നടപടികൾ ഉണ്ടായില്ല. എത്രയും വേഗം എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ പൂർണ്ണമായും ചെലവഴിച്ച് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്..
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർ അനുവദിച്ച തുക ചിലവഴിക്കാതെ ഉദ്യോഗസ്ഥരും ചേർന്ന് രാഷ്ടീയം കളിക്കുകയാണ്. എംപി ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉണ്ടായ ഈ വീഴ്ച ഗൗരവത്തോടെ കാണുന്നു. ഇത് അന്വേഷിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അടൂർ പ്രകാശ് എം.പി ആവിശ്യപ്പെട്ടു.
