തിരുവനന്തപുരം : കോവിഡ് വാക്സീൻ കുത്തിവയ്പിനു ഒരുക്കിയ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഇന്നലെ പുലർച്ചെ മുതൽ മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിന്ന പ്രായമായവർ ഉൾപ്പെടെ 7 പേർ ദേഹം തളർന്നുവീണു.ക്യൂവിൽ നിന്ന 3 സ്ത്രീകളുൾപ്പെടെ 5 പേരും, 2 വൊളന്റിയർമാരുമാണ് കുഴഞ്ഞു വീണത് .
സമയക്രമം പാലിക്കാതെ ജനം ഒരുമിച്ചെത്തിയതോടെ നിയന്ത്രണ സംവിധാനങ്ങൾ അവതാളത്തിൽ ആയി.
ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ അധികൃതർ സംവിധാനം ഒരുക്കിയിരുന്നില്ല. തിരക്കു കാരണം വാക്സീനേഷൻ കേന്ദ്രത്തിനു പുറത്തെ കവാടത്തിനു മുന്നിൽ ജനങ്ങൾ കാത്തിരുന്നു. സഹികെട്ട ജനം, പൊലീസുമായി തട്ടിക്കയറിയത് വാക്കേറ്റത്തിനും ഉന്തിനും തള്ളിനും ഇടയാക്കി.ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്താത്തതിനാൽ വാക്സീനേഷൻ കേന്ദ്രത്തിനു മുന്നിൽ തിരക്ക് കൂടുതൽ ആയിരുന്നു.2000 പേർക്കായി നടത്തിയ മെഗാ ഡ്രൈവിൽ 5000 പേരാണ് ഇന്നലെ എത്തിയത്.ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും തർക്കത്തെ തുടർന്ന് ഉപേക്ഷിച്ചു.
