ആറ്റിങ്ങൽ: നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര അവിട്ടം ഹൗസിൽ ഷിനു (32) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. വേങ്ങോട് സ്വദേശിയായ ഷിനുവും കുടുംബവും 1 വർഷക്കാലമായി ചിറ്റാറ്റിൻകരയിൽ വാടക താമസക്കാരായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ വെഞ്ഞാറമൂടുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയി വന്ന ഇയാൾക്ക് 2 ദിവസത്തിനുള്ളിൽ രോഗ ലക്ഷണം ഉണ്ടാവുക ആയിരുന്നു. തുടർന്ന് ഇയാളും കുടുംബവും ഈ മാസം 19 ന് കൊവിഡ് ടെസ്റ്റിന് വിധേയനാവുകയും 21 ന് രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. കുടുംബത്തോടൊപ്പം ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ഷിനുവിന് 24 ന് രാത്രിയോടെ ശ്വാസതടസ്സം നേരിട്ടു. ആശാവർക്കറും വാർഡ് കൗൺസിലറും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ രമ്യ സുധീറിന്റെ അടിയന്തിര ഇടപെടലിന്റെ ഭാഗമായി ഇയാളെ എസ്.ആർ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് 25 ന് രാവിലെ വിദഗ്ദ്ധ ചികിൽസക്കായി ഇയാളെ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 6 ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെ ഇന്ന് ഉച്ചയോടെ രോഗം മൂർച്ചിച്ച് ഷിനുവിന് മരണം സംഭവിച്ചു. വാർഡ് കൗൺസിലർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നടപടികൾ പൂർത്തിയാക്കി മൃതദേഹം ഏറ്റെടുക്കാൻ ആരോഗ്യ വിഭാഗത്തോട് നിർദ്ദേശിച്ചു. നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര പ്രദേശം നിലവിൽ കണ്ടെയ്മെന്റ് സോണാണ്.
മൂന്ന്മുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നന്ദിലത്ത് ജി മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണിയാൾ. ഭാര്യ ദിവ്യ (27), ഒന്നര വയസുകാരനായ മകൻ ദാർ റാം എന്നിവർ ഇന്നലെ രോഗമുക്തരായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിക്കും. നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന 21-ാം കൊവിഡ് മരണമാണിത്. ഇന്ന് മരണപ്പെട്ട ഷിനുവിന് മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നില്ല എന്നത് ഏറെ ആൾങ്ക ഉളവാക്കുന്നതും, രോഗത്തിന്റെ തീവ്രത സൂചിപ്പിക്കുന്നതുമാണ്. അതിനാൽ നഗരവാസികൾ ഇരട്ടി ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അറിയിച്ചു.
