ആറ്റിങ്ങൽ: നഗരസഭയുടെ കീഴിലെ ശാന്തിതീരം പൊതുശ്മശാനത്തിന്റെ പ്രവർത്തനമാണ് 24 മണിക്കൂറായി ഉയർത്തിയത്. കൊവിഡ് മരണം പെരുകുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭാ മന്ദിരത്തിൽ വിളിച്ച് ചേർത്ത അടിയന്തിര കൗൺസിൽ ഈ തീരുമാനം അംഗീകരിച്ചത്. സാധാരണ ചട്ട പ്രകാരം രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു ശ്മശാനം പ്രവർത്തിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കാലതാമസം കൂടാതെ മൃതശരീരങ്ങൾ സംസ്കരിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ശ്മശാനത്തിന്റെ പ്രവർത്തനം താൽക്കാലികമായി 24 മണിക്കൂറായി ഉയർത്തിയതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
