ആറ്റിങ്ങൽ: നഗരസഭ ചിറ്റാറ്റിൻകര വാർഡ് 14 നെ കണ്ടെയ്മെന്റ് സോൺ പട്ടികയിൽ നിന്നും പിൻവലിച്ചതായി ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു. ഈ വാർഡിൽ രോഗികളുടെ എണ്ണത്തിൽ വന്ന ഗണ്യമായ വർദ്ധനവിനെ തുടർന്നാണ് ഏപ്രിൽ 20 ന് ജില്ലാ ഭരണകൂടം ചിറ്റാറ്റിൻകര വാർഡിനെ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്. തുടർന്ന് വാർഡ് കൗൺസിലറും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ രമ്യ സുധീറിന്റെ നേതൃത്വത്തിലുള്ള വാർഡ് ജാഗ്രത സമിതിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി 27 രോഗികളും വലിയൊരു സമ്പർക്ക പട്ടികയും ഉണ്ടായിരുന്ന വാർഡിനെ ഇത്രയധികം രോഗമുക്തമാക്കാൻ സാധിച്ചത്. നിലവിൽ 4 പേരാണ് ഈ പ്രദേശത്ത് രോഗികളായിട്ടുള്ളത്. വാർഡിലെ ആരോഗ്യ പ്രവർത്തക കൂടിയായ രമ്യ സുധീറിന്റെ ഇടപെടലിനെ തുടർന്ന് സെന്റിനിയൽ സർവ്വെയും ബോധവൽക്കരണ ക്യാമ്പുകളും വാർഡിൽ സംഘടിപ്പിക്കാൻ സാധിച്ചു. ഇത്തരത്തിൽ കരുതലോടെയുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിലൂടെ കൊവിഡ് എന്ന മഹാമാരിയുടെ ചുഴിയിൽ നിന്ന് വാർഡിനെ സംരക്ഷിക്കാൻ സാധിച്ചു. വാർഡിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരും, നിർദ്ദേശങ്ങൾ പാലിച്ച് നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ച നാട്ടുകാരും മറ്റുള്ളവർക്ക് ഏറെ
മാതൃക പകരുന്നുവെന്ന് ചെയർപേഴ്സൺ അറിയിച്ചു.
